‘റാഫേല്‍ രേഖകള്‍ പരീക്കറുടെ കിടപ്പുമുറിയിലുണ്ട്’: ഗോവ മന്ത്രി വിശ്വജിത്ത് റാണെ പറയുന്നതിന്റെ ഓഡിയോ പിടിവള്ളിയാക്കി കോണ്‍ഗ്രസ്

single-img
2 January 2019

റഫാല്‍ വിവരങ്ങള്‍ തന്റെ കിടപ്പുമുറിയിലുണ്ടെന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ്. റഫാലില്‍ സംയുക്ത പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കാതിരിക്കാനുള്ള തടസം ഇതാണോയെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജെവാലെ ആവശ്യപ്പെട്ടു.

കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. പരീക്കറുടെ കിടപ്പുമുറിയില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് എന്ത് രഹസ്യമാണുള്ളതെന്ന് രാജ്യത്തോടു വെളിപ്പെടുത്തണമെന്നും സുര്‍ജെവാലെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ച നടന്ന ഗോവ മന്ത്രിസഭായോഗത്തില്‍ റഫാല്‍ വിവരങ്ങള്‍ തന്റെ കിടപ്പുമുറിയിലുണ്ടെന്ന് പരീക്കര്‍ അറിയിച്ചതായി മന്ത്രി വിശ്വജിത് റാണെ മറ്റൊരാളോട് പറയുന്നതിന്റെ ഓഡിയോ ആണ് വിവാദത്തിലായത്. റഫാലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖകളും തന്റെ ഫ്‌ലാറ്റിലെ കിടപ്പുമുറിയിലുണ്ടെന്നു പരീക്കര്‍ അവകാശപ്പെട്ടതായാണ് റാണെ ഈ ടേപ്പില്‍ പറയുന്നത്.

പരീക്കറുടെ പക്കല്‍ ഈ രേഖകളുള്ളതിനാലാണ് അദ്ദേഹത്തെ മാറ്റാത്തതെന്നും വിശ്വജിത് റാണെ പറയുന്നു. റാണെ സംസാരിക്കുന്ന ആള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ടേപ്പ് വ്യാജമാണെന്ന് ഗോവ ആരോഗ്യ മന്ത്രിയായ വിശ്വജിത്ത് റാണെ ആരോപിച്ചു. മനോഹര്‍ പരീക്കര്‍ റാഫേലിനെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഇത്തരം വ്യാജ ടേപ്പുകള്‍ നിര്‍മ്മിക്കുന്ന നിലയിലേയ്ക്ക് കോണ്‍ഗ്രസ് തരം താണിരിക്കുകയാണെന്നും മന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു.

റാഫേല്‍ കരാര്‍ ഒപ്പിടുന്ന സമയത്ത് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍. പിന്നീട് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ പരീക്കര്‍ ഇപ്പോള്‍ അസുഖ ബാധിതനായി ചികിത്സയിലാണ്.