ടിം പെയ്ന്‍- ഋഷഭ് പന്ത് വാക്‌പോരിന് സൂപ്പര്‍ ക്ലൈമാക്‌സ്: പെയ്‌നിന്റെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോയെടുത്ത് ഋഷഭ് പന്ത്

single-img
1 January 2019

ടിം പെയ്ന്‍- ഋഷഭ് പന്ത് വാക്‌പോര് മൂന്നാം ടെസ്റ്റിലെ ഏറ്റവും ആവേശകരമായ കാഴ്ചകളിലൊന്നായിരുന്നു. ഇപ്പോഴിതാ ആ പോരിനെ വേറൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് പന്ത്. ടിം പെയ്‌നിന്റെ ഭാര്യ ബോണി പെയ്‌നും രണ്ടു മക്കള്‍ക്കുമൊപ്പം ഋഷഭ് പന്ത് നില്‍ക്കുന്ന ചിത്രം ബോണി ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തതോടെയാണ് വാക്‌പോരിന് അപ്രതീക്ഷിത ക്ലൈമാക്‌സ് സംഭവിച്ചത്.

ഈ ചിത്രം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. ഈ ചിത്രത്തിനൊപ്പം ഐസിസി നല്‍കിയ കുറിപ്പിങ്ങനെ: ടിം പെയ്ന്‍ ബോക്‌സിങ് ഡേ ടെസ്റ്റിനിടെ ഋഷഭ് പന്തിനോട്: നിനക്കു കുഞ്ഞുങ്ങളെ നോക്കാന്‍ അറിയാമോ? ഞാന്‍ ഭാര്യയെയും കൂട്ടി സിനിമയ്ക്കു പോയാല്‍ കുഞ്ഞുങ്ങളെ നീ നോക്കുമോ?. ‘ചലഞ്ച് അക്‌സപ്റ്റഡ്!’ (വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു).

നേരത്ത, മൂന്നാം ടെസ്റ്റിനിടെയാണ് പന്തിനെ കളിയാക്കാന്‍ ടിം പെയ്ന്‍, പന്തിനോട് തന്റെ മക്കളെ നോക്കാന്‍ വരുമോ എന്ന് ചോദിച്ചത്. എം.എസ്.ധോണി ഏകദിന ടീമിലേക്ക് മടങ്ങി വന്നതിനെ തുടര്‍ന്നായിരുന്നു പെയ്‌ന്റെ ചോദ്യം. വല്യേട്ടന്‍ ടീമില്‍ തിരിച്ചെത്തിയല്ലോ…ഇനി നിനക്ക് മത്സരമൊന്നുമുണ്ടാകില്ല.

നമുക്ക് ബിഗ് ബാഷ് ലീഗില്‍ ഒരുകൈ നോക്കാമെന്ന് പറഞ്ഞ പെയ്ന്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍സിന് ഒരു ബാറ്റ്‌സ്മാനെ എന്തായാലും വേണമെന്നും മനോഹരമായ ഹൊബാര്‍ട്ടില്‍ താമസിച്ച് ഓസ്‌ട്രേലിയയിലെ അവധിക്കാലം കൂടുതല്‍ ദിവസത്തേക്ക് നീട്ടുകയും ചെയ്യാമെന്നും പന്തിനോട് പറഞ്ഞു.

വാട്ടര്‍ ഫ്രണ്ട് അപാര്‍ട്ട്‌മെന്റ് വേണമെങ്കില്‍ അതും സംഘടിപ്പിച്ച് തരാമെന്നും ഞാന്‍ എന്റെ ഭാര്യയുമായി സിനിമയ്ക്ക് പോകുമ്പോള്‍ കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ മതി. അതിന് സമ്മതമാണോ? എന്നും വിക്കറ്റിന് പിന്നില്‍ നിന്ന് പെയ്ന്‍ ചോദിച്ചിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ പന്ത് പെയ്‌നിനെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ‘ഇതാ നമുക്ക് ഒരു പ്രത്യേക അതിഥിയുണ്ട്. നിങ്ങള്‍ ഇതിന് മുന്‍പ് താല്‍ക്കാലിക ക്യാപ്റ്റന്‍ എന്ന് കേട്ടിട്ടുണ്ടോ?. അദ്ദേഹത്തെ നിനക്ക് (ജഡേജ) പുറത്താക്കേണ്ടി വരില്ല. അദ്ദേഹത്തിന് സംസാരിക്കാനേറെ ഇഷ്ടമാണ്. അത് മാത്രമെ അദ്ദേഹത്തിന് അറിയൂ…’ പന്ത് സ്റ്റംപിന് പിറകില്‍ നിന്ന് ജഡേജയോടായി പറഞ്ഞു.