മെല്‍ബണില്‍ ഇന്ത്യയുടെ വിജയം രണ്ട് വിക്കറ്റകലെ

single-img
29 December 2018

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയത്തിനരികെ ടീം ഇന്ത്യ. നാലാംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ ജയിക്കാന്‍ അവര്‍ക്ക് ഇനി 141 റണ്‍സ് കൂടി വേണം. ടെസ്റ്റ് വിജയിച്ചാല്‍ ഇന്ത്യക്ക് 2-1ന് മുന്നിലെത്താം.

മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, രണ്ട് വീതം വിക്കറ്റ് നേടിയ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. പാറ്റ് കമ്മിന്‍സ് (61), നഥാന്‍ ലിയോണ്‍ (6) എന്നിവരാണ് ക്രീസില്‍. ഓപ്പണ്‍മാരായ മര്‍ക്കസ് ഹാരിസ് (27 പന്തില്‍ 13) ആരോണ്‍ ഫിഞ്ച്(നാല് പന്തില്‍ മൂന്ന്), ഉസ്മാന്‍ ഖവാജ (59 പന്തില്‍ 33), ഷോണ്‍ മാര്‍ഷ് (72 പന്തില്‍ 44), മിച്ചല്‍ മാര്‍ഷ്(21 പന്തില്‍ 10), ട്രാവിസ് ഹെഡ് (92 പന്തില്‍ 34), ടിം പെയ്ന്‍ (57 പന്തില്‍ 26), മിച്ചല്‍ സ്റ്റാര്‍ക് (27 പന്തില്‍ 18) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്കു നഷ്ടമായത്.

ആറ് റണ്‍സില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി തകര്‍ച്ചയോടെയായിരുന്നു ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിന് തുടക്കമായത്. ഓസ്‌ട്രേലിയയ്ക്കായി മധ്യനിര പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പതറുകയായിരുന്നു.

നേരത്തെ, രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. ഇതോടെ 399 റണ്‍സാണു ജയത്തിനായി ഓസ്‌ട്രേലിയയ്ക്കു വേണ്ടിയിരുന്നത്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.

നാലാം ദിനം 52 റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റുകള്‍ കൂടി ഇന്ത്യയ്ക്കു നഷ്ടമായി. മായങ്ക് അഗവര്‍വാള്‍ (42), ഋഷഭ് പന്ത് (33), രവീന്ദ്ര ജഡേജ (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നു നഷ്ടമായത്. പാറ്റ് കമ്മിന്‍സാണു ഇന്ത്യയെ എറിഞ്ഞുടച്ചത്. 11 ഓവറുകളില്‍നിന്ന് 27 റണ്‍സ് വിട്ടുകൊടുത്ത കമ്മിന്‍സ് ആറു വിക്കറ്റുകള്‍ വീഴ്ത്തി.

ഹെയ്‌സല്‍വുഡ് രണ്ടു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഓപ്പണര്‍ ഹനുമ വിഹാരി (45 പന്തില്‍ 13), ചേതേശ്വര്‍ പൂജാര (പൂജ്യം), വിരാട് കോഹ്‌ലി (പൂജ്യം), അജിന്‍ക്യ രഹാനെ (ഒന്ന്), രോഹിത് ശര്‍മ (18 പന്തില്‍ 5) എന്നിവരാണു മൂന്നാം ദിവസം പുറത്തായ ഇന്ത്യന്‍ താരങ്ങള്‍.