45 മലയാളി പ്രവാസികള്‍ മോചനം കാത്ത് സൗദി ജയിലില്‍

single-img
28 December 2018

ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ മോചനം കാത്തുകഴിയുന്നത് 45 മലയാളികള്‍. തൊഴില്‍ നിയമലംഘനം, ലഹരിമരുന്ന് കടത്ത്, മോഷണം, സാമ്പത്തിക ക്രമക്കേട്, മദ്യം നിര്‍മിക്കല്‍, കൊലപാതകം തുടങ്ങിയ കേസുകളില്‍ പെട്ടവരാണ് ഇവരെന്ന് കഴിഞ്ഞ ദിവസം ജയില്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

മൊത്തം 74 ഇന്ത്യക്കാരാണ് ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ മോചനം കാത്തുകഴിയുന്നത്. ഇവരില്‍ ഭൂരിഭാഗവും യെമന്‍ അതിര്‍ത്തി പ്രദേശത്തുനിന്ന് ഖാത്ത് എന്ന പേരിലറിയപ്പെടുന്ന ലഹരി ഇല കടത്തിയ കേസില്‍ പിടിയിലായവരാണെന്ന് വൈസ് കോണ്‍സല്‍ പറഞ്ഞു.

ഈ വഴി പോകുന്ന ട്രക്ക് ഡ്രൈവര്‍മാരെയും സെയില്‍സ്മാനെയും പ്രലോഭിപ്പിച്ച് മോഹനവാഗ്ദാനം നല്‍കിയാണ് ഖാത്ത് കടത്തുന്നത്. തൊഴില്‍ വിഭാഗം വൈസ് കോണ്‍സല്‍ സഞ്ജയ് കുമാര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയില്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ തടവുകാരുമായും ജയില്‍ അധികൃതരുമായും ആശയവിനിമയം നടത്തിയത്.

ചെറിയ കുറ്റകൃത്യങ്ങളില്‍പെട്ടവരെ സൗദി രാജാവിന്റെ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി മോചിപ്പിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ കഴിഞ്ഞ മാസം മോചനം ലഭിച്ച 15 ഇന്ത്യക്കാരെ കോണ്‍സുലേറ്റ് നാട്ടിലെത്തിച്ചിരുന്നു.