‘സിക്സ് അടിച്ചാൽ മുംബൈയിലേക്ക് വരാം’; ബാറ്റ് ചെയ്യുന്ന രോഹിത്തിനെ വെല്ലുവിളിച്ച് ഓസീസ് നായകൻ: വീഡിയോ

single-img
28 December 2018

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഓസീസ് നായകൻ ടിം പെയിനും തമ്മിലുള്ള  കൊമ്പുകോർക്കലാണ് പെർത്ത് ടെസ്റ്റിനെ ശ്രദ്ധേയമാക്കിയത്. എന്നാൽ മെൽബണിൽ ഓസീസ് നായകൻ രോഹിത് ശർമയെയാണ് പോരിന് വിളിച്ചത്. സ്ട്രൈക്കിൽ രോഹിത് നിൽക്കുമ്പോഴായിരുന്നു ബാറ്റിങ് ശ്രദ്ധ തിരിക്കാൻ പെയ്ൻ എത്തിയത്.

രോഹിതിനെ ലക്ഷ്യമിട്ട് ആരോൺ ഫിഞ്ചുമായാണ് പെയ്ൻ സംസാരിച്ചത്. മെൽബൺ ടെസ്റ്റിൽ രോഹിത് ശർമ്മ സിക്സ് അടിച്ചാൽ വരാനിരിക്കുന്ന ഐപിഎല്ലിൽ താൻ മുംബൈ ടീമിനൊപ്പം ചേരുമെന്നാണ് പെയ്ൻ പറഞ്ഞത്. 


‘റോയൽസിനു വേണ്ടിയോ അതോ മുംബൈ ഇന്ത്യൻസിനു വേണ്ടിയോ ഞാൻ കളിക്കേണ്ടത്. പക്ഷേ രോഹിത് സിക്സ് അടിച്ചാൽ ഞാൻ മുംബൈയിലേക്ക് പോകും’-ഇതായിരുന്നു ഫിഞ്ചിനോട് പെയ്ൻ പറഞ്ഞത്. ‘ഐപിഎല്ലിൽ എല്ലാ ടീമിനൊപ്പവും നീ കളിച്ചിട്ടുണ്ടല്ലേ’ ഫിഞ്ചിനോട് പെയ്ൻ ചോദിച്ചു.

ഇതിന് ബാംഗ്ലൂർ ഒഴികെയെന്ന് ഫിഞ്ച് മറുപടി നൽകി. ബാംഗ്ലൂർ ഒഴികെയോ എന്ന് പെയ്ൻ തിരിച്ചു ചോദിച്ചു. ഇരുവരുടെയും സംഭാഷണം സ്റ്റംപ് മൈക്കിൽ പതിഞ്ഞതോടെയാണ് വെല്ലുവിളി പുറത്തുവന്നത്. എന്നാൽ ടിം പെയിനിനോട് രോഹിത് പ്രതികരിക്കാൻ നിന്നില്ല. പുറത്താവാതെ രോഹിത് 63 റൺസെടുത്തു.