മെല്‍ബണില്‍ ജയിക്കാനായില്ലെങ്കില്‍ ഉത്തരവാദി പൂജാരയായിരിക്കുമെന്ന് പോണ്ടിങ്; കളിക്കുന്നതു വിമര്‍ശകരുടെ വായടപ്പിക്കാനല്ലെന്ന് പൂജാര

single-img
28 December 2018

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ജയിക്കാനായില്ലെങ്കില്‍ ഉത്തരവാദി പൂജാരയായിരിക്കുമെന്ന് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. ”ഈ ടെസ്റ്റ് ഇന്ത്യ ജയിച്ചാല്‍ പൂജാരയുടെയും കോലിയുടെയും ഇന്നിങ്‌സുകള്‍ ഗംഭീരമാണെന്നു പറയാം. എന്നാല്‍ ഓസ്‌ട്രേലിയയെ രണ്ടുവട്ടം പുറത്താക്കാന്‍ സമയം കിട്ടാതെ ഈ ടെസ്റ്റ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടാല്‍ അതിനു കാരണം ഈ ഇന്നിങ്‌സുകളാണെന്നു പറയേണ്ടി വരും”, പോണ്ടിങ് പറഞ്ഞു.

പരമ്പരയിലെ രണ്ടാം സെഞ്ചുറി നേടിയ പൂജാരയെ പോണ്ടിങ് അഭിനന്ദിച്ചു. എന്നാല്‍ പൂജാര ക്രീസിലുള്ളപ്പോള്‍ റണ്‍റേറ്റ് ഉയര്‍ത്തുക എന്നത് അസാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ല സ്‌ട്രോക്കുകള്‍ കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ കൂടി മെല്ലെപ്പോക്ക് തുടങ്ങിയാല്‍ റണ്‍റേറ്റ് കൂട്ടാന്‍ കഴിയില്ല.

അതിനാല്‍ തന്നെ ഫഌറ്റ് വിക്കറ്റുകളില്‍ ടെസ്റ്റ് ജയിക്കാന്‍ പ്രയാസമാകുമെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി. ആദ്യ ഇന്നിങ്‌സില്‍ 319 പന്തുകള്‍ നേരിട്ടാണ് പൂജാര 106 റണ്‍സ് നേടിയത്. അതേസമയം വേഗത്തില്‍ സ്‌കോര്‍ ചെയ്യാറുള്ള ക്യാപ്റ്റന്‍ വിരാട് കോലിയാകട്ടെ 82 റണ്‍സെടുക്കാനായി നേരിട്ടത് 204 പന്തുകളാണ്. ഇന്ത്യയുടെ അഞ്ച് മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ ആര്‍ക്കും 50ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്ല.

അതേസമയം, താന്‍ രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നതു വിമര്‍ശകരുടെ വായടപ്പിക്കാനല്ലെന്ന് ചതേശ്വര്‍ പൂജാര പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ സെഞ്ചുറി കുറിച്ചശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു വിമര്‍ശകരെ ഗൗനിക്കാറേയില്ലെന്നു താരം നിലപാടു വ്യക്തമാക്കിയത്.

വിമര്‍ശകരെ നിശബ്ദരാക്കുന്നതിനല്ല തന്റെ ശ്രമം. ആരെയും നിശബ്ദരാക്കാനല്ല. റണ്‍സെടുക്കുകയെന്നത് എന്റെ ആവശ്യമാണ്. അതു ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. മറ്റുകാര്യങ്ങളില്‍ ഇടപെടുന്നതിന് എനിക്കു താല്‍പര്യമില്ല. നാട്ടിലായാലും വിദേശത്തായാലും എന്റെ ജോലി റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നതാണ്. ചില സമയങ്ങളില്‍ വിമര്‍ശിക്കപ്പെടാം പക്ഷേ അതും നമ്മള്‍ സ്വീകരിക്കണം. പക്ഷേ ഇന്ത്യ വിജയിക്കുമ്പോള്‍ അത് എല്ലാവരുടെയും സന്തോഷമാണ്–- പൂജാര പറഞ്ഞു.

നാല് മല്‍സരങ്ങളുള്ള ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ പൂജാര രണ്ട് സെഞ്ചുറികളാണ് ഇതുവരെ നേടിയത്. മോശം പ്രകടനം കാരണം താരത്തെ ടെസ്റ്റ് ടീമില്‍നിന്നു പുറത്താക്കണമെന്ന് അടുത്തിടെ ആവശ്യമുയര്‍ന്നിരുന്നു.