സര്‍ക്കാര്‍ ചിലവിലല്ല മതില്‍ പണിയേണ്ടതെന്ന് കണ്ണന്താനം; പണം പിരിച്ചതില്‍ ഗൂഢാലോചനയെന്ന് കടകംപള്ളി; നിര്‍ബന്ധിത പിരിവില്ലെന്ന് സുധാകരന്‍; കുട്ടികളെ പങ്കെടുപ്പിക്കുന്നത് ബാലാവകാശ ലംഘനമെന്ന് ചെന്നിത്തല: വിവാദം കത്തുന്നു

single-img
28 December 2018

നവോത്ഥാന സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ വനിതാ മതിലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. സര്‍ക്കാര്‍ ചിലവിലല്ല മതില്‍ പണിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു മതിലുകൊണ്ട് എന്തുഗുണമെന്നും അദ്ദേഹം ചോദിച്ചു.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കാതിരുന്നതിന്റെ കാരണം തനിക്കറിയില്ല. ബിഡിജെഎസുമായി ബിജെപിക്ക് തര്‍ക്കങ്ങളൊന്നുമില്ല. ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗം തന്നെയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതിനിടെ, പാലക്കാട് വനിതാ മതിലിന് വേണ്ടി പെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ചതില്‍ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പാലക്കാട് ജില്ലാ കമ്മിറ്റി ശരിയായ അന്വേഷണം നടത്തുന്നുണ്ട്. പെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിക്കുന്നത് അനുവദിക്കാനാവില്ല. വനിതാ മതിലില്‍ പങ്കെടുക്കുമെന്ന ബിഡിജെഎസ് നിലപാട് സന്തോഷകരമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു.

എന്‍എസ്എസ് ഉള്‍പ്പടെ സര്‍ക്കാരിനെ എതിര്‍ക്കുന്ന സംഘടനകള്‍ക്ക് വീണ്ടുവിചാരമുണ്ടാകണമെന്ന് മന്ത്രി ജി.സുധാകരന്‍. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചയ്ക്കില്ല. വനിതാമതിലിനായി ഒരു രൂപ പോലും ആരില്‍ നിന്നും നിര്‍ബന്ധിച്ച് പിരിക്കില്ലെന്നും ജി.സുധാകരന്‍ കോഴിക്കോട്ട് പറഞ്ഞു.

അതേസമയം, കുട്ടികളെ വനിതാമതിലില്‍ പങ്കെടുപ്പിക്കുന്നത് ബാലാവകാശ ലംഘനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതി നിര്‍ദേശത്തിന് എതിരെ ബാലാവകാശ കമ്മിഷന്‍ പറഞ്ഞത് നിയമവിരുദ്ധമാണ്. കമ്മിഷന്‍ ചെയര്‍മാന്‍ ആരാണെന്നും രാഷ്ട്രീയമെന്താണെന്നും ജനത്തിന് അറിയാം.

വനിതാമതിലില്‍ പങ്കെടുക്കാത്തതിന് ആര്‍ക്കെങ്കിലും ജോലി നഷ്ടപ്പെട്ടാല്‍ അവരെ യു.ഡി.എഫ് സംരക്ഷിക്കും. വനിതാമതിലിന്റെ പേരില്‍ കുടുംബശ്രീപ്രവര്‍ത്തകരെ സി.പി.എം ഭീഷണിപ്പെടുത്തുകയാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് രമേശ് ചെന്നിത്തല പത്തനംതിട്ടയില്‍ പറഞ്ഞു.