ഓസീസിനെ ഫോളോവോണ്‍ ചെയ്യിപ്പിക്കാതിരുന്ന ഇന്ത്യയുടെ തീരുമാനം പിഴച്ചു; രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച

single-img
28 December 2018

ഓസ്‌ട്രേലിയയെ ഫോളോവോണ്‍ ചെയ്യിപ്പിക്കാനുളള സുവര്‍ണാവസരം കളഞ്ഞ് കുളിച്ച ഇന്ത്യയ്ക്ക് തിരിച്ചടി. എളുപ്പത്തില്‍ റണ്‍സ് അടിച്ച് കൂട്ടി ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കാമെന്ന പ്രതീക്ഷ പാളി രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ വന്‍ ബാറ്റിംഗ് തകര്‍ച്ചയാണ് നേരിടുന്നത്.

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 53 എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (78 പന്തില്‍ 28), ഋഷഭ് പന്ത് (12 പന്തില്‍ 6) എന്നിവരാണു ക്രീസില്‍. ഓപ്പണര്‍ ഹനുമ വിഹാരി (45 പന്തില്‍ 13), ചേതേശ്വര്‍ പൂജാര (പൂജ്യം), വിരാട് കോഹ്‌ലി (പൂജ്യം), അജിന്‍ക്യ രഹാനെ (ഒന്ന്), രോഹിത് ശര്‍മ (18 പന്തില്‍ 5) എന്നിവരാണു പുറത്തായത്.

പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയ്ക്കു ശക്തമായ തിരിച്ചടി നല്‍കി. തകര്‍ച്ചയോടെയാണ് ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയത്. 28 റണ്‍സെടുത്ത് നില്‍ക്കവെ ഹനുമ വിഹാരി പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ പുറത്തായി.

തൊട്ടുപിന്നാലെ ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി എന്നിവരെയും കമ്മിന്‍സ് പുറത്താക്കി. ഒരു റണ്‍സ് മാത്രമെടുത്ത് രഹാനെ കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്‌ന് ക്യാച്ച് നല്‍കി മടങ്ങി. ജോഷ് ഹെയ്‌സല്‍വുഡാണ് രോഹിത് ശര്‍മയെ പുറത്താക്കിയത്.

നേരത്തെ, വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച ആസ്‌ട്രേലിയ 151 റണ്‍സെടുക്കുന്നതിനിടെ പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് 292 റണ്‍സിന്റെ രണ്ടാമിന്നിങ്‌സ് ലീഡ് ലഭിച്ചിരുന്നു. ആറ് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയാണ് ഓസീസിന്റെ തകര്‍ച്ചക്ക് കാരണം.

ഓസീസിന്റെ ബാറ്റിങ് നിര വലിയ തകര്‍ച്ചെയാണ് അഭിമുഖീകരിച്ചത്. മാക്കസ് ഹാരീസ് (22), ആരോണ്‍ ഫിഞ്ച് (8), ഉസ്മാന്‍ ഖ്വാജ (21), ഷോണ്‍ മാര്‍ഷ് (19), ട്രാവിസ് ഹെഡ് (20), മിച്ചല്‍ മാര്‍ഷ് (9) എന്നിങ്ങനെ താളം കണ്ടെത്തും മുന്‍പേ എല്ലാവരും മടങ്ങി. തുടര്‍ന്ന് വന്ന ടിം പെയിനും ഇവരുടെ അതേ ശ്രേണിയില്‍ തന്നെ വീഴുകയായിരുന്നു. പാറ്റ് കുമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നാഥന്‍ ലിയോണ്‍, ഹേസല്‍വുഡ് എന്നിവരും അധിക നേരം ക്രീസില്‍ ചെലവഴിക്കാതെ മടങ്ങി. രവീന്ദ്ര ജഡേജ രണ്ടും ഷമിയും ഇഷാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കായി ഹനുമ വിഹാരി (66 പന്തില്‍ എട്ട്), മായങ്ക് അഗര്‍വാള്‍ (161 പന്തില്‍ 76), ചേതേശ്വര്‍ പൂജാര (319 പന്തില്‍ 106), വിരാട് കോഹ്‌ലി (204 പന്തില്‍ 82), രഹാനെ (76 പന്തില്‍ 34), റിഷഭ് പന്ത് (76 പന്തില്‍ 39), രവീന്ദ്ര ജഡേജ (മൂന്ന് പന്തില്‍ നാല്) എന്നിവരാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ അടിത്തറ പാകിയത്. അര്‍ധ സെഞ്ചുറിയുമായി രോഹിത് ശര്‍മ പുറത്താകാതെനിന്നു. നാലു റണ്‍സെടുത്ത ജഡേജയെ ഹേസല്‍വുഡ് പുറത്താക്കിയതോടെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.