അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിംഗ് പങ്കെടുത്തതായി വ്യാജ പ്രചാരണം; കേസെടുത്ത് പൊലീസ്; വാര്‍ത്ത ഷെയര്‍ ചെയ്തവരും കുടുങ്ങും

single-img
27 December 2018

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എക്‌സൈസ് കമ്മീഷണറും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വ്യാജ പ്രചരണത്തിനെതിരേ കേസെടുക്കാന്‍ ഋഷിരാജ് സിംഗ് തന്നെ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂല പേജുകളിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ പേജുകള്‍ പൊലീസ് നിരീക്ഷണത്തിലെന്നാണ് സൂചന.

ബുധനാഴ്ചയാണ് സംസ്ഥാനത്തുടനീളം ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആര്‍എസ്എസ് ബിജെപി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.