പൂജാരക്ക് സെഞ്ച്വറി; അര്‍ധസെഞ്ചുറിയുമായി കോഹ്‌ലി, അഗര്‍വാള്‍, രോഹിത്: ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

single-img
27 December 2018

മെല്‍ബണ്‍: സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടെ കരുത്തില്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ഏഴിന് 443 എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. പൂജാരക്ക് പുറമേ അര്‍ധസെഞ്ച്വറികള്‍ നേടിയ വിരാട് കോഹ്‌ലി(82), അഗര്‍വാള്‍(76), രോഹിത് ശര്‍മ്മ(63) എന്നിവരുടെ ഇന്നിങ്‌സുകളും ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

280 പന്തുകളില്‍ നിന്നാണ് പൂജാര സെഞ്ചുറി നേട്ടം കുറിച്ചത്. 90 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ വിദേശത്ത് 2000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടവും പൂജാരയ്ക്കു ലഭിച്ചു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ.

215ന് രണ്ട് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഇന്ന് 228 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരിക്കു തിളങ്ങാനായില്ല. 66 പന്തുകള്‍ നേരിട്ടെങ്കിലും വിഹാരിക്ക് എട്ട് റണ്‍സ് മാത്രമാണ് നേടാനായത്.

മായങ്ക് അഗര്‍വാള്‍ കന്നി മല്‍സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. പൂജാരയെ കൂട്ടുപിടിച്ച് മായങ്ക് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. 123ല്‍ നില്‍ക്കെ മായങ്ക് പുറത്തായി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്ന്‍ ക്യാച്ചെടുത്ത് മായങ്കിനെ പുറത്താക്കി.

തുടര്‍ന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പൂജാരയും ചേര്‍ന്ന് കളി മുന്നോട്ടുകൊണ്ടുപോയി. രണ്ടാം ദിനം രണ്ടിന് 215 എന്ന നിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്. രണ്ടാം ദിനം പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കി. സ്‌കോര്‍ 293ല്‍ നില്‍ക്കെ കോഹ്‌ലി പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഫിഞ്ചിന് ക്യാച്ച് നല്‍കിയായിരുന്ന ഇന്ത്യന്‍ നായകന്റെ പുറത്താകല്‍.

തൊട്ടുപിന്നാലെ സെഞ്ചുറി നേടിയ പൂജാരയും മടങ്ങി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ പൂജാര ബൗള്‍ഡായി. നാഥന്‍ ലിയോണിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് രഹാനെയും മടങ്ങി. പിന്നാലെയെത്തിയ യുവതാരം റിഷഭ് പന്തിനൊപ്പം രോഹിത് ശര്‍മ ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തി. റിഷഭ് പന്തിനെ സ്റ്റാര്‍ക്കും ജഡേജയെ ജോഷ് ഹെയ്‌സല്‍വുഡുമാണു വീഴ്ത്തിയത്. ഓരോ മല്‍സരങ്ങള്‍ വീതം ജയിച്ച് ഇന്ത്യയും ഓസീസും പരമ്പരയില്‍ തുല്യനിലയിലാണ്.