ഓസീസ് ടീം വാക്കുപാലിച്ചു; ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഏഴു വയസുകാരനായ ആര്‍ച്ചി ഷില്ലെറെ വൈസ് ക്യാപ്റ്റനാക്കി ഗ്രൗണ്ടിലിറക്കി: വീഡിയോ

single-img
26 December 2018

ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ താരമായി ഏഴു വയസ്സുകാരന്‍ സഹ നായകന്‍ ആര്‍ച്ചി ഷില്ലെര്‍. ഇന്ത്യ–ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഓസീസ് നായകന്‍ ടിം പെയ്‌നൊപ്പം സഹ നായകനായി ആര്‍ച്ചിയും ടോസിടാന്‍ ഗ്രൗണ്ടിലെത്തി. ഓസ്‌ട്രേലിയന്‍ ടീം സമ്മാനിച്ച ബാഗി ഗ്രീന്‍ തൊപ്പിയും ധരിച്ചായിരുന്നു സഹ നായകന്റെ ഗ്രൗണ്ടിലേക്കുള്ള വരവ്. ടീമംഗങ്ങളോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍, ഷില്ലര്‍ പറഞ്ഞത്, സിക്‌സറുകള്‍ അടിക്കുക, വിക്കറ്റുകള്‍ നേടുക എന്ന് മാത്രമാണ്.

ഗുരുതര രോഗവസ്ഥയിലുള്ള കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ‘മേക്ക് എ വിഷ് ഫൗണ്ടേഷന്‍’ എന്ന സംഘടനയുടെ ശ്രമഫലമായാണ് കടുത്ത ക്രിക്കറ്റ് ആരാധകനായ ആര്‍ച്ചി ദേശീയ ടീമിലെത്തുന്നത്.മൂന്നു മാസം പ്രായമുള്ളപ്പോഴാണ് ആര്‍ച്ചിയുടെ ഹൃദയത്തിലെ തകരാര്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്.

തുടര്‍ന്നു 3 വട്ടം ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 6 വയസിനിടെയുള്ള ഭൂരിഭാഗം സമയവും ആര്‍ച്ചി ആശുപത്രിയിലായിരുന്നു. ഒക്ടോബറില്‍ പാക്കിസ്ഥാനെതിരെയുള്ള ഓസ്‌ട്രേലിയയുടെ ടെസ്റ്റ് പര്യടനത്തിനിടെയാണ് ടീമിലെടുത്ത വിവരം ആര്‍ച്ചിയെ അറിയിക്കുന്നത്.

അര്‍ച്ചിയുടെ അമ്മ സാറയുടെ ഫോണിലേക്ക് ഓസ്‌ട്രേലിയയുടെ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ തന്നെ നേരിട്ടു വിളിച്ചാണു മകനെ ‘ടീമിലെടുത്ത’ വിവരം അറിയിച്ചത്.