71 വര്‍ഷം പഴക്കമുളള റെക്കോര്‍ഡ് തകര്‍ത്ത് മായങ്ക് അഗര്‍വാള്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് മേല്‍ക്കൈ

single-img
26 December 2018

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ 215 റണ്‍സ് എന്ന നിലയിലാണ്. ടെസ്റ്റില്‍ അരങ്ങേറ്റ മല്‍സരം കളിക്കുന്ന മായങ്ക് അഗര്‍വാളും ചേതേശ്വര്‍ പൂജാരയും ഇന്ത്യയ്ക്കായി അര്‍ധസെഞ്ചുറി നേടി.

ചേതേശ്വര്‍ പൂജാര (200 പന്തില്‍ 68), വിരാട് കോഹ്‌ലി (107 പന്തില്‍ 47) എന്നിവരാണു ക്രീസില്‍. ഹനുമാ വിഹാരി (66 പന്തില്‍ എട്ട്), മായങ്ക് അഗര്‍വാള്‍ (161 പന്തില്‍ 76) എന്നിവരാണു പുറത്തായത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ച് ക്യാച്ചെടുത്താണ് വിഹാരിയെ പുറത്താക്കിയത്.

66 പന്തുകള്‍ നേരിട്ട് ക്രീസില്‍ നിലയുറപ്പിച്ചെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ വിഹാരിക്കു കഴിയാതെപോയി. 40 റണ്‍സെടുത്തു നില്‍ക്കെയാണു ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. എട്ട് റണ്‍സ് മാത്രമേ നേടിയുള്ളൂ എങ്കിലും ഹനുമ വിഹാരിയുടെ സേവനം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായി.

മുരളി വിജയ് രാഹുല്‍ സഖ്യം തുടര്‍ച്ചയായി പരാജയപ്പെട്ടിടത്ത് 18.4 ഓവര്‍ വരെ വിക്കറ്റ് പോകാതെ കാക്കാന്‍ പുതിയ സഖ്യത്തിന് കഴിഞ്ഞു. വിഹാരി പുറത്തായ ശേഷമെത്തിയ പൂജാര പരമ്പരയിലെ മികച്ച ഫോം തുടര്‍ന്നു. ഇതിനിടെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി മുന്നേറിയ അഗര്‍വാളിനെ ചായയ്ക്ക് തൊട്ടുമുന്‍പ് കമ്മിന്‍സ് വീഴ്ത്തി.

വിക്കറ്റ് കീപ്പര്‍ ടിം പെയിന്റെ കൈകളില്‍ എത്തും മുന്‍പ് അഗര്‍വാള്‍ എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 76 റണ്‍സ് നേടി. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച കോഹ്‌ലി പൂജാര സഖ്യം ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. കോഹ്‌ലി ക്രീസിലെത്തിയ ശേഷമാണ് ഇന്ത്യയുടെ റണ്‍റേറ്റ് ഉയര്‍ന്നതും.

ഇരുവരും ഇതുവരെ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയുടെ രണ്ടു വിക്കറ്റുകളും നേടിയത് പാറ്റ് കമ്മിന്‍സാണ്. അതിനിടെ, അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധസെഞ്ച്വറി നേടി ചരിത്രമെഴുതിയ ഇന്ത്യന്‍ യുവതാരം മായങ്ക് അഗര്‍വാളിനെ തേടി ഒരു അപൂര്‍വ്വ റെക്കോര്‍ഡ്.

ഓസ്‌ട്രേലിയന്‍ മണ്ണിലെ അരങ്ങേറ്റത്തില്‍ ഏറ്റവും അധികം റണ്‍സ് കണ്ടെത്തിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് അഗര്‍വാള്‍ സ്വന്തമാക്കിയയത്. 71 വര്‍ഷം പഴക്കമുളള റെക്കോര്‍ഡാണ് അഗര്‍വാള്‍ തകര്‍ത്തത്. ഇന്ത്യന്‍ താരം ദത്തും പട്ക്കറുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.

1947ല്‍ ഓസ്‌ട്രേലിയയില്‍ വെച്ച് ഇന്ത്യയ്ക്കായി അരങ്ങേറിയ പട്ക്കര്‍ അന്ന് 51 റണ്‍സ് ആയിരുന്നു നേടിയിരുന്നത്. ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റ മത്സരത്തില്‍ 45 റണ്‍സ് സ്വന്തമാക്കിയ ഹൃതികേഷ് കനിത്ക്കറും 33 റണ്‍സെടുന്ന ആബിദ് അലിയുമാണ് ഈ പട്ടികയില്‍ മൂന്നും നാലും സ്ഥാനത്തുളളത്.

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് മായങ്ക് കാഴ്ച്ചവെച്ചത്. 161 പന്തുകള്‍ നേരിട്ട മായങ്ക് എട്ട് ഫോറും ഒരു സിക്‌സും സഹിതം 76 റണ്‍സാണ് സ്വന്തമാക്കിയത്.