ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഏഴുവയസുകാരന്‍ ലെഗ് സ്പിന്നര്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ സഹക്യാപ്റ്റന്‍

single-img
24 December 2018

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ബുധനാഴ്ച്ച കളിക്കാനിറങ്ങുമ്പോള്‍ ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുക ഏഴ് വയസുകാരന്‍ ആര്‍ച്ചി ഷില്ലറിലായിരിക്കും. ഈ കുട്ടി ലെഗ്‌സ്പിന്നറെ കൂടി ഉള്‍പ്പെടുത്തിയാണ് ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നൊപ്പം സഹനായകനായി ആര്‍ച്ചിയും മെല്‍ബണില്‍ മൈതാനത്തെത്തും. അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും ഇടയ്ക്കു ഗ്രൗണ്ടിലെത്താന്‍ ആര്‍ച്ചിക്ക് അവസരമൊരുങ്ങിയേക്കും.

ഗുരുതര രോഗാവസ്ഥയിലുള്ള കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ‘മേക്ക് എ വിഷ് ഫൗണ്ടേഷന്‍ ‘ എന്ന സംഘടനയുടെ ശ്രമഫലമായാണ് കടുത്ത ക്രിക്കറ്റ് ആരാധകനായ ആര്‍ച്ചി ദേശീയ ടീമിലെത്തുന്നത്. അഡ്‌ലെയ്ഡിലെ ഒന്നാം ടെസ്റ്റിനു മുന്‍പ് ഓസീസ് താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയ വേളയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ അനായാസം പുറത്താക്കാന്‍ തനിക്കു കഴിയുമെന്നാണ് ആര്‍ച്ചി പറഞ്ഞിരുന്നത്.

ചിരിച്ച് കളിച്ച് ഓസീസ് താരങ്ങള്‍ക്കൊപ്പം നടക്കുന്ന ആര്‍ച്ചി ജീവിതത്തിലെ കൂടുതല്‍ ദിവസങ്ങളും ചെലവഴിച്ചത് ആശുപത്രിക്കിടക്കയിലാണ്. ആറുവയസ്സിനിടെ 13 തവണ ഹൃദയശസ്ത്രക്രിയക്ക് വിധേയനായി. മൂന്നു മാസം പ്രായമുള്ളപ്പോഴാണ് ആര്‍ച്ചിയുടെ ഹൃദയത്തിലെ തകരാര്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്.

തുടര്‍ന്നു 3 വട്ടം ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഒക്ടോബറില്‍ പാക്കിസ്ഥാനെതിരെയുള്ള ഓസീസിന്റെ ടെസ്റ്റ് പര്യടനത്തിനിടെ അര്‍ച്ചിയുടെ അമ്മ സാറയുടെ ഫോണിലേക്ക് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗറുടെ വീഡിയോ കോള്‍ എത്തി. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഓസീസ് ടീമിലേക്കു ‘തിരഞ്ഞെടുക്കപ്പെട്ട’ കാര്യം ലാംഗര്‍ തന്നെ സാറയെ അറിയിച്ചു.

ക്രിക്കറ്റ് പ്രേമിയായ ആര്‍ച്ചിയുടെ മുഖത്തു പുഞ്ചിരി വിടര്‍ത്താന്‍ ഓസീസ് ക്രിക്കറ്റ് ബോര്‍ഡും പച്ചക്കൊടി കാട്ടിയതോടെ കാര്യങ്ങള്‍ നീങ്ങിയതു പെട്ടെന്നാണ്. അഡലെയ്ഡ് ടെസ്റ്റിനു മുന്‍പ് ഓസീസ് ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനം തുടങ്ങിയ ആര്‍ച്ചി ഓസീസ് നായകന്‍ ടിം പെയ്‌നൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തതിനു ശേഷമാണു മടങ്ങിയത്.

ഓസീസ് ഓഫ് സ്പിന്നര്‍ നേഥന്‍ ലയണിന്റെ കടുത്ത ആരാധകനാണ് ആര്‍ച്ചി. പക്ഷേ, ലെഗ് സ്പിന്‍ ബോളിങിനോണു കമ്പം. പരീശീലനവേളയില്‍ ഓസീസ് ടീമിനായി എന്തുചെയ്യാനാണ് ആഗ്രഹം എന്നുള്ള ചോദ്യത്തിനുള്ള ആര്‍ച്ചിയുടെ ഉത്തരം ഇങ്ങനെ, ‘എനിക്ക് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനാകണം’. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര രണ്ട് മത്സരം കഴിഞ്ഞപ്പോള്‍ 1-1ന് സമനിലയിലാണ്.