പ്രവാസികള്‍ക്കും കെട്ടിട ഉടമകള്‍ക്കും ആശ്വാസം: ഖത്തറില്‍ വാടക കരാറുകളുടെ രജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈനായി ചെയ്യാം

single-img
24 December 2018

ഇനിമുതല്‍ ഖത്തറില്‍ വാടക കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അതതു നഗരസഭ ഓഫീസുകളില്‍ ചെല്ലേണ്ട. എല്ലാം ഓണ്‍ലൈനായി ചെയ്യാം. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റി (www.mme.gov. qa. ) ലാണു സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അറബിക് ഭാഷയിലുള്ള വാടക കരാറിന്റെ പകര്‍പ്പ്, കീഴ്ക്കരാറെങ്കില്‍ (വാടകയ്‌ക്കെടുത്തയാള്‍ മറ്റൊരാള്‍ക്കു വീണ്ടും വാടകയ്ക്കു നല്‍കിയാല്‍) ആദ്യ കരാറിന്റെ പകര്‍പ്പ്, ഉടമസ്ഥാവകാശരേഖ, വൈദ്യുതി, കുടിവെള്ള കണക്ഷന്‍ നമ്പറുകള്‍ എന്നിവ നല്‍കണം.

വാര്‍ഷിക വാടകയുടെ 0.5% റജിസ്‌ട്രേഷന്‍ ഫീസായി അടയ്ക്കണം. എന്നാല്‍ ഇത് 250 റിയാലില്‍ കുറയാനോ 2,500 റിയാലില്‍ കവിയാനോ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഒരാള്‍ക്ക് ഒരു സമയം ഒരു കരാറേ ഇപ്പോള്‍ റജിസ്റ്റര്‍ ചെയ്യാനാകൂ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യാം.

അപേക്ഷാ പുരോഗതിയും ഓണ്‍ലൈനായി അറിയാം. വാടകക്കാരനും വാടകയ്ക്കു നല്‍കുന്നയാള്‍ക്കും വെബ്‌സൈറ്റില്‍ നിന്നു റജിസ്റ്റര്‍ചെയ്ത കരാറിന്റെ പകര്‍പ്പെടുക്കാനുമാകും. മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ ഔനിലും ഈ സേവനം ലഭ്യമാണ്. കരാര്‍ ഒപ്പിട്ട് 60 ദിവസത്തിനുള്ളില്‍ റജിസ്‌ട്രേഷന്‍ നടത്തണമെന്നതു കെട്ടിട ഉടമയുടെ ഉത്തരവാദിത്വമാണ്. ഇതില്‍ വീഴ്ച സംഭവിച്ചാല്‍ 10,000 റിയാല്‍ പിഴയടക്കേണ്ടിവരും.

പുതിയ സേവനം വീടു വാടകയ്‌ക്കെടുക്കുന്ന പ്രവാസികള്‍ക്കും കെട്ടിട ഉടമകളായ സ്വദേശികള്‍ക്കും ഏറെ സഹായകമാണ്. എവിടെയിരുന്നും ഏതു സമയത്തും വാടക കരാറുകള്‍ റജിസ്റ്റര്‍ ചെയ്യാനാവുമെന്ന് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഹംദ അബ്ദുല്‍ അസിസ് അല്‍ മാദീദ് പറഞ്ഞു.