രാത്രി മുഴുവന്‍ മരുഭൂമിയില്‍ കുടുങ്ങിയ പത്തംഗ മലയാളി സംഘത്തെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി

single-img
24 December 2018

അല്‍ ഖുദ്‌റയില്‍ മരുഭൂമിയുടെ സൗന്ദര്യം കാണാന്‍ പോയതാണ് മലപ്പുറം ചട്ടിപ്പുറം സ്വദേശിയായ മുഷ്താഖ് അലിയും സുഹൃത്തുക്കളുമടങ്ങുന്ന പത്തംഗ സംഘം. ഇരുട്ടില്‍ വഴി തെറ്റിയതോടെ ഇരുവാഹനങ്ങളിലായിരുന്ന സംഘം തെറ്റായ ദിശയില്‍ സഞ്ചരിച്ചത് അഞ്ച് മണിക്കൂറിലധികം. ഒടുവില്‍ മരുഭൂമിയില്‍ ഒരു രാത്രി ചെലവഴിക്കേണ്ടി വന്ന ഇവര്‍ക്ക് ദുബായ് പോലീസ് രക്ഷകരായെത്തി.

ഹെലികോപ്റ്ററില്‍ എത്തിയ പൊലീസ് നിരീക്ഷണ സംഘം ഇവരെ കണ്ടെത്തിയശേഷം മരുഭൂമിയിലെ പ്രത്യേക ദൗത്യസംഘത്തെ കൃത്യമായ സ്ഥലം അറിയിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവുമായാണ് പൊലീസ് എത്തിയത്. മരുഭൂമിയില്‍ ഇടയ്ക്കിടെ ഉല്ലാസയാത്ര പോകാറുള്ള ഇവര്‍ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ അല്‍ ഖുദ്രയില്‍ രണ്ടു വാഹനങ്ങളിലായി എത്തുകയായിരുന്നു.

തുടര്‍ന്നു ഫോട്ടോ എടുക്കാനായി മരുഭൂമിയിലേക്ക് തിരിച്ചു. വൈകിട്ട് 6ന് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു വാഹനം മണലില്‍ പുതയുകയും അടുത്തവാഹനത്തിന്റെ ടയര്‍ കേടാകുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷം വാഹനങ്ങള്‍ ശരിയാക്കി യാത്രയാരംഭിച്ചെങ്കിലും വഴിതെറ്റി മരുഭൂമിക്കുള്ളിലേക്കു പോയി. 18 കിലോമീറ്ററിലേറെ പിന്നിട്ടപ്പോഴാണ് വഴിതെറ്റിയത് അറിഞ്ഞതെന്നു മുഷ്താഖ് പറഞ്ഞു. രാത്രി വളരെ വൈകിയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ടെന്റ് ഒരുക്കി കുറച്ചുപേര്‍ അതിലും ബാക്കിയുള്ളവര്‍ വാഹനങ്ങളിലും കിടന്നു.

വെള്ളവും ഭക്ഷണവുമില്ലാത്തതും കൊടുംതണുപ്പും പലരെയും അവശരാക്കി. പുലര്‍ച്ചെ പുറപ്പെടാന്‍ തുടങ്ങിയെങ്കിലും വാഹനങ്ങള്‍ മണലില്‍ പുതഞ്ഞുപോയിരുന്നു. പ്രമേഹവും മറ്റ് അസുഖങ്ങളുമുള്ളവര്‍ മരുന്നും ഭക്ഷണവുമില്ലാതെ തീര്‍ത്തും അവശരായി. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ദുബായ് പൊലീസിനെ വിവരം അറിയിച്ചു.

എന്നാല്‍ ദുബായ് പോലീസിന് സ്ഥലം കണ്ടുപിടിക്കാന്‍ കഴിയാതെ വരുകയും വ്യോമവിഭാഗത്തിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് പോലീസ് വ്യോമവിഭാഗം നടത്തിയ ആകാശ തിരച്ചിലില്‍ സംഘം കുടുങ്ങിക്കിടക്കുന്ന ഇടം കണ്ടെത്തുകയായിരുന്നു. പോലീസ് ഹെലികോപ്റ്റര്‍ എത്തി ഇവര്‍ കുടുങ്ങിയ സ്ഥാനം പോലീസിനെ അറിയിച്ചു.

പിന്നീട് പോലീസ് ജീപ്പ് എത്തുകയും സംഘത്തിലുള്ളവര്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും നല്‍കുകയും ചെയ്തു. ശേഷം മണലില്‍ കുടുങ്ങിയ വാഹനത്തെ വലിച്ച് പുറത്ത് കയറ്റുകയും ചെയ്തു. അവിടെനിന്ന് മൂന്ന് മണിക്കൂറോളം യാത്രചെയ്ത് മുറഖാദ് റോഡില്‍ എത്തിച്ചു. ദുബായ് പോലീസിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടങ്ങളില്‍നിന്ന് തങ്ങളെ രക്ഷിച്ചതെന്ന് മുഷ്താഖ് അലി പറഞ്ഞു.

blob:https://players.brightcove.net/e5c0ad66-2611-4ce1-b6b1-9ec776e96578