‘നിര്‍ഭയ കേസിലെ വീഴ്ച മറയ്ക്കാന്‍ അയാള്‍ ബലിയാടാക്കുകയായിരുന്നു’; ഗുരുതര ആരോപണങ്ങളുമായി ശ്രീശാന്തിന്റെ ഭാര്യ

single-img
29 November 2018

ഡല്‍ഹി പൊലീസിനും ബി.സി.സി.ഐയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി രംഗത്ത്. വാതുവെയ്പ്പു കേസുമായി ബന്ധപ്പെട്ട ദുരനുഭവങ്ങളെ കുറിച്ച് ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ ശ്രീശാന്ത് സംസാരിച്ചിരുന്നു.

ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിനു പിന്നാലെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഭുവനേശ്വരി ട്വിറ്ററില്‍ തുറന്ന കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്ന് രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് രാജിക്കുള്ള സമ്മര്‍ദം ശക്തമായതോടെ ശ്രദ്ധ തിരിച്ചുവിടാന്‍ ഡല്‍ഹിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കെട്ടച്ചമച്ചതാണ് വാതുവെയ്പ്പ് കേസെന്നാണ് ഭുവനേശ്വരി കത്തില്‍ ആരോപിക്കുന്നത്.

കേസിലെ തന്റെ വീഴ്ചകള്‍ മറയ്ക്കാന്‍ അയാള്‍ ശ്രീയെ ബലിയാടാക്കുകയായിരുന്നു. വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളില്‍നിന്നും ശ്രീയെ 2015 ജൂലായില്‍ കോടതി കുറ്റവിമുക്തനാക്കിയതാണ്. മൊഹാലിയില്‍ വാതുവെയ്പ്പുകാരനില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി ശ്രീശാന്ത് ഒരു ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കുകയും വെളുത്ത ടവ്വല്‍ ധരിച്ച് സൂചന നല്‍കുകയും ചെയ്തുവെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ ആരോപണം.

ക്രിക്കറ്റിനെ കുറിച്ച് ധാരണയുള്ളവര്‍ക്ക് മനസിലാകും, ആ ഓവറിലെ ഓരോ പന്തിനെയും കമന്റേറ്റര്‍മാര്‍ മികച്ചതാണെന്ന് വിലയിരുത്തിയിരുന്നു. ഓവറിന്റെ ആദ്യ കുറച്ചു പന്തുകളില്‍ ശ്രീ റണ്‍സ് വിട്ടുകൊടുത്തിട്ടില്ല. നോബോളോ വൈഡോ ആ ഓവറില്‍ എറിഞ്ഞിട്ടുമില്ല.

ആദം ഗില്‍ക്രിസ്റ്റ് എന്ന ബാറ്റ്‌സ്മാനായതിനാലാണ് ആ ഓവറില്‍ 13 റണ്‍സ് പിറന്നതെന്ന് കമന്റേറ്റര്‍മാര്‍ പറഞ്ഞിരുന്നുവെന്നും ഭുവനേശ്വരി ചൂണ്ടിക്കാട്ടുന്നു. എപ്പോഴത്തെയും പോലെ ആവേശത്തോടെയാണ് ശ്രീ അന്നും പന്തെറിഞ്ഞത്. അന്ന് മത്സരം നടക്കുമ്പോള്‍ 48 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. അതുകൊണ്ടുതന്നെ വിയര്‍പ്പ് തുടയ്ക്കാന്‍ എല്ലാവരും തന്നെ ടവ്വല്‍ ധരിച്ചിരുന്നു.

വാതുവെയ്പ്പുകാരനാണെന്ന് പോലീസ് പറയുന്ന ജിജു, ഒരു പ്രഫഷണല്‍ രഞ്ജി ട്രോഫി താരവും രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ആഗ്രഹിച്ചിരുന്നയാളുമാണ്. അതിനായി ശ്രീ സഹായം നല്‍കുകയും ചെയ്തിരുന്നു. ഇരുവരും എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനില്‍ ആയിരുന്നതിനാല്‍ സുഹൃത്തുക്കളുമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

കേസില്‍ കോടതി ശ്രീക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണ്. എന്നിട്ടും ബി.സി.സി.ഐ ഇപ്പോഴും കാര്യങ്ങള്‍ പിടിച്ചുവെയ്ക്കുകയാണ്. ശ്രീയേപ്പോലൊരാള്‍, രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന തലത്തിലേക്ക് താഴില്ലെന്നും കുറച്ചു ലക്ഷങ്ങള്‍ക്കായി സ്വന്തം കരിയര്‍ നശിപ്പിക്കില്ലെന്നും ഭുവനേശ്വരി ചൂണ്ടിക്കാട്ടുന്നു.

ചെയ്യാത്ത കുറ്റത്തിന് ശ്രീ എന്തിനാണ് ശിക്ഷ അനുഭവിക്കുന്നത്. ബി.സി.സി.ഐ അഴിമതിക്കെതിരെ നിലകൊള്ളുന്നവരാണെങ്കില്‍ കോടതിയുടെ നിര്‍ദേശ പ്രകാരം മുദ്ഗല്‍ കമ്മിറ്റി സീല്‍ ചെയ്ത കവറില്‍ നല്‍കിയ 13 പേരുടെ കാര്യം ഇവര്‍ എന്തുകൊണ്ട് പറയുന്നില്ല?. എന്തിനാണ് ഈ ഇരട്ടത്താപ്പ് കാട്ടുന്നത്?. എന്തുകൊണ്ടാണ് ശ്രീ മാത്രം ഇങ്ങനെ കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും നീതിക്കായി പോരാടേണ്ടി വരുന്നത് – ഭുവനേശ്വരി ചോദിക്കുന്നു.