ഇന്ത്യക്കാരുടെ സെക്‌സ് ലൈഫ് എങ്ങനെ?; യുണിസെഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത്

single-img
25 October 2018

ദൈവം മനുഷ്യനു നല്‍കിയിരിക്കുന്ന വരദാനങ്ങളിലൊന്നാണ് ലൈംഗികത. നമ്മുടെ യാഥാസ്ഥിതിക സമൂഹത്തില്‍ നിന്ന് ഇതിനെപ്പറ്റി വലിയ അവബോധമൊന്നും ചെറുപ്പത്തില്‍ ലഭിച്ചുകാണുകയില്ല. എന്നാല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നല്ല ലൈംഗിക ജീവിതം (വിവാഹശേഷമുള്ള ജീവിതം) ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യാന്താപേക്ഷിതമാണെന്നാണ്.

ഇത് ശരീരത്തിന്റെ പ്രതിരോധശക്തിയെ വര്‍ധിപ്പിക്കുന്നു. മാനസിക സമ്മര്‍ദ്ദം അകറ്റുന്നു. പുരുഷന്മാരില്‍ പ്രോസ്റ്റ്ഗ്രന്ഥിയെ കാന്‍സറില്‍ നിന്നു സംരക്ഷിക്കുന്നു. പങ്കാളികള്‍ തമ്മിലുള്ള അടുപ്പവും വര്‍ധിപ്പിക്കുന്നു. ശരീരത്തില്‍ പോസിറ്റീവായ കെമിക്കലുകളെ ഉത്പാദിപ്പിച്ച് മൂഡ് നോര്‍മലായി സൂക്ഷിക്കുകയും വേദനകളെ ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യുന്നു.

ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തമായ ലൈംഗികജീവിതം ആസ്വദിക്കാനാകുന്നതു 20 മുതല്‍ 50 വരെയുള്ള പ്രായത്തിലാണ്. ഡയറ്റ്, ആരോഗ്യം, ശാരീരികാവസ്ഥകള്‍, മാനസികാരോഗ്യം എന്നിവ നന്നായിരിക്കുന്നതും ഈ പ്രായ കാലയളവില്‍ തന്നെ.

യുണിസെഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒരു ദിവസം ഇന്ത്യയില്‍ പിറന്നു വീഴുന്നത് 69,000 കുഞ്ഞുങ്ങളാണ്. ഇങ്ങനെപോയാല്‍ ലോകജനസംഖ്യയില്‍ ഇന്ത്യ അധികം വൈകാതെ തന്നെ ചൈനയെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയും അന്താരാഷ്ട്ര ഡെമോഗ്രഫിക് ആന്‍ഡ് ഹെല്‍ത്ത് സര്‍വേയും ചേര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് 72 രാജ്യങ്ങളിലെ കണക്കു പ്രകാരം ഇന്ത്യയിലെ പുരുഷന്മാരില്‍ ഏറിയപങ്കും തങ്ങളുടെ 24 വയസ്സിനുള്ളില്‍ ആദ്യ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവരാണ്.

സ്ത്രീകള്‍ക്ക് ഇത് 19 ആണ്. ഇതുതന്നെ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. ഇന്ത്യയില്‍ 45 വയസ്സു കഴിഞ്ഞിട്ടും വിവാഹിതരാകാത്ത സ്ത്രീകള്‍ വെറും 1% ആണ്. ഇതില്‍ പുരുഷന്മാരുടെ കണക്കു 2% ആണ്. ഇന്ത്യയില്‍ ആളുകളുടെ വിവാഹപ്രായം കൂടി വരികയാണെങ്കിലും വിവാഹത്തിനു മുന്‍പ് സെക്‌സില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായും റിപ്പോര്‍ട്ടുണ്ട്. 3% പെണ്‍കുട്ടികളും 11% ആണ്‍കുട്ടികളും പ്രിമാരിറ്റല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഈ സര്‍വേ പറയുന്നു.