അവസാന പന്തുവരെ നീണ്ട ആവേശപ്പോരില്‍ ഇന്ത്യാ- വിന്‍ഡീസ് രണ്ടാം ഏകദിനം സമനിലയില്‍

single-img
24 October 2018

വിശാഖപട്ടണം ഏകദിനത്തിൽ ഒപ്പത്തിനൊപ്പം പൊരുതിയ ഇന്ത്യയും വെസ്റ്റ് ഇൻഡീസും അവസാന ഫലത്തിൽ സമനിലയിൽ. ഇന്ത്യയുയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ അവസാന പന്ത്‍ ബൗണ്ടറിയിലേക്ക് പായിച്ച് ഹോപ് സമനിലയിലെത്തിക്കുകയായിരുന്നു. അവസാന ഓവറിൽ വിജയത്തിലേക്ക് 14 റണ്‍സ് വേണ്ടിയിരുന്നെങ്കിലും വിൻഡീസിന് 13 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

തുടക്കത്തില്‍ തകര്‍ച്ച നേരിട്ട വിന്‍ഡീസിനെ ഹോപിന്‍റെ സെഞ്ചുറിയും ഹെറ്റ്‌മെയറുടെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറിയുമാണ് ഏഴ് വിക്കറ്റിന് 321 എന്ന തുല്യതയിലെത്തിച്ചത്. ഹോപ് 134 പന്തില്‍ 123 റണ്‍സുമായും റോച്ച് റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.

നേരത്തെ 78 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ വിന്‍ഡീസ് ഷായ് ഹോപ്പിന്റെയും ഷിംറോണ്‍ ഹെറ്റ്മയറിന്റെയും ബാറ്റിങ്ങാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്. നാലാം വിക്കറ്റില്‍ ഇരുവരും 143 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നിലയുറപ്പിച്ച ഇരുവരും ഇന്ത്യയെ പ്രതിസന്ധിയിലായി. വെറും 81 പന്തിലാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയത്.

അവസാന മൂന്ന് ഓവറില്‍ 22 റണ്‍സായിരുന്നു വിന്‍ഡീസിന് വേണ്ടിയിരുന്നത്. സെഞ്ചുറി പിന്നിട്ട് ഹോപും നഴ്‌സുമായിരുന്നു ക്രീസില്‍. 48-ാം ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത ചഹലും 49-ാം ഓവറില്‍ ആറിലൊതുക്കിയ ഷമിയുമാണ് ആര്‍ക്കും ജയിക്കാവുന്ന മത്സരം ഇന്ത്യയുടേതാക്കിയത്. അവസാന ഓവറിലെ നാലാം പന്തില്‍ നഴ്‌സ്(5) റായിഡു പിടിച്ച് പുറത്തായി. അടുത്ത പന്തില്‍ രണ്ട് റണ്‍സ്. എന്നാല്‍ അവസാന പന്തില്‍ ബൗണ്ടറി നേടി ഹോപ് വിന്‍ഡീസിന് സമനില സമ്മാനിച്ചു. കുല്‍ദീപ് മൂന്നും ഷമിയും ഉമേഷും ചഹലും ഓരോ വിക്കറ്റും വീഴ്‌ത്തി.

കോലിയുടെ അപരാജിത സെഞ്ചുറിയുടെയും അംബാട്ടി റായിഡുവിന്റെ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിന്‍ഡീസിന് 322 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. 40 റണ്‍സില്‍ ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി-റായിഡു സഖ്യമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 73 റണ്‍സെടുത്ത് പുറത്തായ റായിഡുവിനൊപ്പം കോലി 139 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

106 പന്തില്‍ 10 ബൗണ്ടറികളോടെയാണ് കോലി 37-ാം എകദിന സെഞ്ചുറിയിലെത്തിയത്. വ്യക്തിഗത സ്‌കോര്‍ 81-ല്‍ എത്തിയപ്പോള്‍ എകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ഇത്തവണയും പിന്നിലായത് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും. സച്ചിന്‍ പതിനായിരം റണ്‍സ് നേടാന്‍ 259 ഇന്നിങ്സ് കളിച്ചപ്പോള്‍ കോലി കേവലം 205 ഇന്നിങ്സില്‍ ഈ നാഴികക്കല്ല് പിന്നിട്ടു. 54 ഇന്നിങ്സിന്റെ വ്യത്യാസം. 2001 മാര്‍ച്ച് 31-നായിരുന്നു സച്ചിന്റെ പതിനായിരം റണ്‍സ് നേട്ടം.

ഇതിനു പിന്നാലെ 111 റണ്‍സെടുത്തപ്പോള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോലി സ്വന്തം പേരില്‍ കുറിച്ചു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് വിശാഖപട്ടണം വൈ.എസ്.ആര്‍ സ്റ്റേഡിയത്തില്‍ കോലി 50 റണ്‍സ് പിന്നിടുന്നത്. ഒരേ വേദിയില്‍ തുടര്‍ച്ചയായി കൂടുതല്‍ തവണ അര്‍ധ സെഞ്ചുറിയോ അതിനു മുകളിലോ നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും കോലിക്കായി.