പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈത്ത്

single-img
10 October 2018

കുവൈത്ത് സ്വകാര്യ മേഖലയില്‍ തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ മാര്‍ക്ക് മാനദണ്ഡം ആക്കാന്‍ നീക്കം. ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കാത്ത വിദേശി ബിരുദധാരികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്താന്‍ മാന്‍ പവര്‍ അതോറിറ്റി ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

തൊഴില്‍ വിപണി ക്രമീകരണത്തിന്റെ ഭാഗമായി കൂടുതല്‍ തീരുമാനങ്ങള്‍ വരും നാളുകളില്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ബിരുദധാരികളായ വിദേശി ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. തൊഴില്‍ വിപണിയില്‍ വ്യാപക ക്രമീകരണം വരുത്തുന്നതിന്റെ ഭാഗമായി കഴിവും പ്രാവീണ്യവും കൂടുതലുള്ളവര്‍ക്ക് മാത്രം അവസരം നല്‍കുന്നതിനെ കുറിച്ചാണ് അധികൃതര്‍ ആലോചിക്കുന്നത്.

യോഗ്യതകളില്ലാത്ത തൊഴിലാളികളുടെ വരവ് കുറക്കുക, വിസക്കച്ചവടം നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പുതിയ ഉത്തരവുകള്‍ വൈകാതെ ഉണ്ടാകുമെന്നും മാന്‍പവര്‍ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.