ഏഷ്യാ കപ്പില്‍ തോറ്റതിന് കോഹ്‌ലിക്ക് മുട്ടന്‍ പണി കൊടുത്ത് ബംഗ്ലാദേശ് ആരാധകര്‍

single-img
3 October 2018

ഏഷ്യാ കപ്പില്‍ വിരാട് കോഹ്‌ലി കളിച്ചില്ലെങ്കിലും ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയതോടെ പണി കിട്ടിയത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കാണ്. ഏഷ്യാ കപ്പിലെ തോല്‍വിയുടെ പേരില്‍ വിരാട് കോലിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് ബംഗ്ലാദേശ് ആരാധകര്‍ പണി കൊടുത്തത്.

ഫൈനലില്‍ സെഞ്ചുറി അടിച്ച ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ വിവാദ പുറത്താകലാണ് കോലിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനുള്ള പ്രകോപനം. 121 റണ്‍സെടുത്തു നില്‍ക്കെ ലിട്ടണ്‍ ദാസിനെ, ധോനി സ്റ്റംമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. മൂന്നാം അമ്പയറും ഈ തീരുമാനം ശരിവെച്ചു.

എന്നാല്‍ ഈ പുറത്താകല്‍ അമ്പയറുടെ തെറ്റായ തീരുമാനമായിരുന്നുവെന്നാണ് ആരാധകര്‍ വാദിക്കുന്നത്. ഇതിനാല്‍ തന്നെ ധോനി, ദാസിനെ സ്റ്റംമ്പ് ചെയ്യുന്ന ചിത്രത്തിനൊപ്പം ഐ.സി.സിക്ക് മുന്നറിയിപ്പ് നല്‍കുന്ന കുറിപ്പും ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഐ.സി.സി, ക്രിക്കറ്റ് മാന്യന്മാരുടെ കളി തന്നെയല്ലേ? എല്ലാ ടീമുകളും തുല്യരല്ലേ? അത് എങ്ങനെ ഔട്ടാകുമെന്ന് ഒന്ന് വിശദീകരിക്കണം. തെറ്റായ തീരുമാനത്തില്‍ ലോകത്തോട് മാപ്പ് പറയണം. സ്റ്റംമ്പിങ് ശരിവച്ച അമ്പയര്‍ക്കതിരേ നടപടിയെടുക്കണം.

അല്ലെങ്കില്‍ വെബ്‌സൈറ്റ് റിക്കവര്‍ ചെയ്യുന്ന ഉടന്‍തന്നെ വീണ്ടും ഹാക്ക് ചെയ്യും’, എന്നാണ് ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി ആന്റ് ഇന്റലിജന്‍സ് (സി.എസ്.ഐ) എന്ന ഗ്രൂപ്പാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹാക്ക് ചെയ്ത വെബ്‌സൈറ്റ് ഇപ്പോള്‍ റിക്കവര്‍ ചെയ്തിട്ടുണ്ട്.