കുട്ടികളുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

single-img
26 September 2018

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബത്തിനും സംഭവിച്ച കാറപകടത്തിന്റെ വാര്‍ത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. കുട്ടികളെയും കൊണ്ടു യാത്ര ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ മോട്ടര്‍ വാഹനനിയമങ്ങളില്‍ അനുശാസിക്കുന്നുണ്ടെങ്കിലും അതൊന്നും ആരും കേള്‍ക്കാറില്ല.

എന്നാല്‍ വാഹനാപകടങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ നിരവധി കാര്യങ്ങളില്‍ നാം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. മിക്ക ന്യൂജന്‍ വാഹനങ്ങളും കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവയാണ്. സുരക്ഷിതമായ യാത്രയും ഓരോ കുട്ടിയുടെയും അവകാശമാണ്.

ഇരുചക്രവാഹനങ്ങളില്‍ സ്‌കൂളുകളിലും മറ്റും പോകുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മികച്ച രാജ്യാന്തര ബ്രാന്‍ഡുകളുടെ ചൈല്‍ഡ് സീറ്റുകള്‍ക്ക് ഇന്ത്യയില്‍ 30,000 രൂപയോളം വില വരും. കാറുകളിലെ ഇസോഫിക്‌സ് പിറ്റുകള്‍ കണ്ടെത്താന്‍ എളുപ്പമാണ്. ഇസോഫിക്‌സ് സീറ്റുകള്‍ നിലവില്‍ ഇന്ത്യയില്‍ നിര്‍ബന്ധമല്ല അതിനാല്‍ തന്നെ ഇവയോടു മുഖം തിരിക്കാനാണ് മിക്കവര്‍ക്കും താത്പര്യം.

ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

മുന്‍സീറ്റില്‍ ഇരുത്തരുത്: കുട്ടികളെ മുന്നിലിരുത്തരുതെന്ന് പറയുന്നതിന് കാരണം അപകടമുണ്ടാകുമ്പോള്‍ തുറന്നുവരുന്ന എയര്‍ബാഗിന്റെ ആഘാതം കുട്ടികള്‍ക്ക് താങ്ങാനാവില്ലെന്നത് തന്നെയാണ്. മണിക്കൂറില്‍ 250 കിലോമീറ്ററിലേറെ വേഗത്തില്‍ മുഖത്തു വന്ന് എയര്‍ബാഗ് ഇടിക്കാനുള്ള സാധ്യതയുണ്ട്. ഈ ആഘാതം താങ്ങാന്‍ കുട്ടികള്‍ക്ക് കഴിയില്ല.

മടിയിലിരുത്തി യാത്ര വേണ്ട: കുട്ടികളെ മടിയിലിരുത്തുന്നതും അവരുടെ സുരക്ഷയ്ക്ക് ഹാനികരമാകാം. മടിയിലോ കയ്യിലോ ഇരിക്കുമ്പോള്‍ ശക്തമായി ബ്രേക്കിടുമ്പോള്‍ പോലും കുട്ടികള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിക്കാം.

ചൈല്‍ഡ് സീറ്റിനോട് മുഖംതിരിക്കരുത്: പുതിയ വാഹനങ്ങളെല്ലാം കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നവയാണ്. എന്നാലും പിന്‍സീറ്റില്‍ ചൈല്‍ഡ് സീറ്റ് ഘടിപ്പിച്ച് സീറ്റ് ബെല്‍ട്ട് ഇട്ടതിനു ശേഷമുള്ള യാത്ര കൂടുതല്‍ സുരക്ഷ നല്‍കും. പിന്‍സീറ്റില്‍ ഇസോഫിക്‌സ് ചൈല്‍ഡ് പിറ്റ് സഹിതമുള്ള വാഹനങ്ങള്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

ചൈല്‍ഡ് സീറ്റ് ഡ്രൈവറിന് പിന്നില്‍ വേണ്ട: പിന്‍സീറ്റില്‍ ഡ്രൈവര്‍ക്കു പുറകിലായി ചൈല്‍ഡ് സീറ്റ് ഘടിപ്പിക്കുന്നതിലും സുരക്ഷിതം മുന്‍ സീറ്റിലുള്ള യാത്രക്കാരന്റെ പിന്‍വശത്തായി വരുന്ന ഇടത് ചൈല്‍ഡ് സീറ്റ് ഘടിപ്പിക്കുന്നതാണ്.

ചൈല്‍ഡ് സീറ്റ് പാകമായിരിക്കണം: കുട്ടികള്‍ക്കായി ഘടിപ്പിച്ചിരിക്കുന്ന സീറ്റ് അവര്‍ക്ക് പാകമായിരിക്കണം. ഒപ്പം സുരക്ഷാ ബെല്‍റ്റുകള്‍ കൃത്യമായി, മുറുകെ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.