രണ്ടു ദിവസവും അഞ്ചു വിക്കറ്റും ബാക്കി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 84 റണ്‍സ് കൂടി

single-img
4 August 2018

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിക്കാന്‍ ഇന്ത്യയ്ക്കുവേണ്ടത് 84 റണ്‍സ് കൂടി. അഞ്ച് വിക്കറ്റ് കൈയിലുള്ള ഇന്ത്യയ്ക്ക് രണ്ടു ദിവസത്തെ കളി ബാക്കിയുമുണ്ട്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

മുന്‍നിര കൂടാരം കയറിയിട്ടും വന്‍മതിലായി ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന വിരാട് കൊഹ്ലിയിലാണ് (43) ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. 18 റണ്‍സുമായി ദിനേഷ് കാര്‍ത്തിക്കാണ് വിരാടിന് കൂട്ടിനുള്ളത്. മുരളി വിജയ് (6), ശിഖര്‍ ധവാന്‍ (13), കെ. എല്‍. രാഹുല്‍ (13), അജിങ്ക്യ രഹാനെ (2), ആര്‍.അശ്വിന്‍ (13) എന്നിവരാണ് പുറത്തായത്.

നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിംഗ്‌സ് 180 റണ്‍സിലവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മ്മയും മൂന്ന് വിക്കറ്റ് നേടിയ അശ്വിനുമാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ല് ഒടിച്ചത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി. 87 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ അര്‍ദ്ധ സെഞ്ച്വറി നേടിയ സാം കുറനാണ് (63) അല്‍പ്പമെങ്കിലും ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

കുറനെ കൂടാതെ ജോണി ബെയര്‍‌സ്റ്റോ (28), ഡേവിഡ് മലാന്‍ (20) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ അല്‍പ്പമെങ്കിലും തിളങ്ങിയുള്ളൂ. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സാം കറനാണ് ഇംഗ്ലണ്ടിനെ 150 കടത്തിയത്. 65 പന്തില്‍ ഒന്‍പത് ബൗണ്ടറികളും രണ്ട് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സെടുത്ത കറന്‍ ഏറ്റവും ഒടുവിലാണ് പുറത്തായത്. രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന കറന്റെ ആദ്യ ടെസ്റ്റ് അര്‍ധസെഞ്ചുറിയാണിത്. ആദ്യ ഇന്നിങ്‌സില്‍ 24 റണ്‍സെടുത്ത കറന്‍ പത്താമനായി തന്നെയാണ് പുറത്തായത്.