ആമസോണ്‍ വനത്തിലെ ഏകാകിയായ ഗോത്ര മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

single-img
22 July 2018

ബ്രസീലിലെ ആമസോണ്‍ വനാന്തരങ്ങളില്‍ താമസിക്കുന്ന ഏകാകിയായ മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബ്രസീലിലെ ഇന്ത്യന്‍ ഫൗണ്ടേഷനാണ് ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 22 വര്‍ഷങ്ങളായി പുറം ലോകവുമായി ബന്ധമില്ലാതെ ഇയാള്‍ തനിച്ച് താമസിക്കുന്നതായാണ് കരുതപ്പെടുന്നത്.

1996 മുതല്‍ ഈ സംഘടന ഇയാളെ നിരീക്ഷിച്ചുവരികയാണ്. 2018 മെയ് മാസം വരെ ഈ മനുഷ്യനെ വനത്തില്‍ കണ്ടതായി സംഘടന വെളിപ്പെടുത്തുന്നു. ഇയാളുടെ ഗോത്രത്തില്‍പ്പെട്ട മറ്റാരെയും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇയാള്‍ ആ ഗോത്രത്തിലെ അവസാന മനുഷ്യനാണെന്നാണ് കരുതുന്നത്.

വനസമ്പത്തു തേടി പുറത്തുനിന്നെത്തുന്നവര്‍ ആ ഗോത്രത്തിലെ മറ്റ് അംഗങ്ങളെ കൊന്നൊടുക്കിയതാവാമെന്നാണ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ അധികൃതര്‍ പറയുന്നത്. പുറത്തുനിന്നുള്ള മനുഷ്യരുടെ ഇടപെടലുകള്‍ മൂലം ആമസോണ്‍ വനാന്തരങ്ങളിലെ നിരവധി ഗോത്രവിഭാഗങ്ങള്‍ ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബ്രസീല്‍ അധികൃതര്‍ പറയുന്നു.

1970-80 കാലഘട്ടങ്ങളില്‍ തടിവെട്ടുകാരും കര്‍ഷകരും പിടിച്ചു പറിക്കാരും ഈ മേഖലയിലുള്ള അനവധിപേരെ കൊലപ്പെടുത്തകയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. 1995 ല്‍ ഇവിടെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം അവശേഷിച്ച ഏക വ്യക്തിയായിരിക്കണം ഇയാള്‍.