യാത്രാ നിരക്ക് കുത്തനെകൂട്ടി വിമാന കമ്പനികളുടെ പകല്‍ക്കൊള്ള; ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വര്‍ധിപ്പിച്ചു

single-img
4 July 2018

തിരുവനന്തപുരം: ഗള്‍ഫില്‍ മധ്യവേനലവധി തുടങ്ങിയതോടെ വിമാനകമ്പനികള്‍ കേരളത്തിലേക്കുള്ള യാത്രാനിരക്ക് കുത്തനെ കൂട്ടി. അടുത്തമാസം ഓണവും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് മൂന്നിരട്ടിയിലധികം തുകയാണ് ടിക്കറ്റിന് നല്‍കേണ്ടി വരുന്നത്.

ഈ മാസം അഞ്ചിന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കെത്താന്‍ ശരാശരി നിരക്ക് 25,000 മുതല്‍ അറുപതിനായിരം രൂപവരെ നല്‍കണം. തിരിച്ച് പോകണമെങ്കിലും ഭീമമായ തുക തന്നെ നല്‍കണം. ആഗസ്റ്റ് 29ന് തിരുവനന്തപുരത്തു നിന്നോ കൊച്ചിയില്‍ നിന്നോ ദുബായ്, കുവൈത്ത്, തുടങ്ങിയ മേഖലകളിലേക്ക് 32,124 മുതല്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപവരെ കൊടുക്കണം.

ഇതേ ദിവസം കോഴിക്കോട് റിയാദ് ഫ്‌ലൈറ്റുകളുടെ പരമാവധി നിരക്ക് 70,200 രൂപ. എയര്‍ ഇന്ത്യയും യാത്രക്കാരെ കൊള്ളയടിക്കുകയാണ്. സെപ്റ്റംബര്‍ 29ന് കോഴിക്കോട് ബഹറൈന്‍ വിമാനനിരക്ക് 60,348. ഓണവും പെരുന്നാളും ഒരുമിച്ചെത്തിയ അവസരം വിമാനകമ്പനികള്‍ ചൂഷണം ചെയ്യുകയാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മധ്യവേനലവധിക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്. ഉത്സവനാളുകളില്‍ കൂടുതല്‍ സര്‍വ്വീസ് വേണമെന്ന ആവശ്യം വിമാനകമ്പനികള്‍ ഇക്കുറിയും കേട്ടില്ല. മറിച്ച് തിരക്ക് പറഞ്ഞ് ആവശ്യക്കാരെ പരമാവധി പിഴിയുകയാണ് എല്ലാ കമ്പനികളും.