സൗദി അറേബ്യയുടെ ചരിത്ര മുഹൂര്‍ത്തത്തില്‍ ഇടംനേടി മലയാളി വനിതയും

single-img
25 June 2018

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് അനുമതി ലഭിച്ച ചരിത്ര മുഹൂര്‍ത്തത്തില്‍ ഇടംനേടി മലയാളി വനിതയും. എറണാകുളം കാക്കനാട് സ്വദേശിയും സാസ് ജനറല്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യയുമായ ഫൗസിയ ബീവിയാണ് ബഹ്‌റൈന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് അല്‍ കോബാര്‍ കോസ്വേയിലെ വി.ഐ.പി ലൈനിലൂടെ കടന്നുവന്ന് ചരിത്രത്തിന്റെ ഭാഗമായത്.

വി.ഐ.പി ലൈനിലൂടെ വാഹനം ഓടിച്ച് സൗദിയിലേക്ക് പ്രവേശിച്ച ആദ്യ ഇന്ത്യന്‍ വനിതയാണ് ഫൗസിയ ബീവി. കഴിഞ്ഞ 20 വര്‍ഷത്തോളമായി സൗദിയിലുള്ള കുടുംബം ഏതാനും മാസമായി ബഹ്‌റൈനിലേക്ക് താമസം മാറ്റിയിരുന്നു. സൗദിയിലെ ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായും ഫൗസിയ ജോലി നോക്കിയിരുന്നു.

ഇന്നലെ രാവിലെയാണ് സൗദി അറേബ്യയില്‍ ആദ്യമായി വനിതകള്‍ വാഹനമോടിച്ചത്. ഈ മാസം 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാമെന്ന് സല്‍മാന്‍ രാജാവ് ചരിത്ര പ്രഖ്യാപനം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് അരലക്ഷത്തിലധികം സൗദി വനിതകളാണ് പുതുതായി വാഹനമോടിക്കാന്‍ അനുമതി ലഭിച്ചത്.

അതേസമയം വനിതാ ഡ്രൈവിങ് ആരംഭിച്ചതോടെ ലോക ശ്രദ്ധ നേടുകയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. പ്രതിരോധ മന്ത്രിയുടെ പദവി കൂടിയുള്ള ഈ കിരീടാവകാശി അധികാരമേറ്റ ശേഷമാണ് സുപ്രധാന മാറ്റങ്ങള്‍ സൗദി അറേബ്യ കാണുന്നത്.

അതില്‍ ഒന്നാമത്തേത്ത് സാമ്പത്തിക പരിഷ്‌കരങ്ങളായിരുന്നു. ഈ വര്‍ഷം മുതല്‍ നികുതി കൂടിയേര്‍പ്പെടുത്തി എണ്ണേതര സമ്പദ് ഘടന ശക്തിപ്പെടുത്താനായിരുന്നു ശ്രമം. രണ്ടാമത്തേത് വിനോദ രംഗം. തിയറ്റര്‍ തുറന്നും വിനോദ പരിപാടികള്‍ വര്‍ദ്ധിപ്പിച്ചും രാജ്യത്തെ ജനതയെ അകത്തു തന്നെ നിലനിര്‍ത്തുക.

അതിലൂടെയും സമ്പദ് ഘടനയുടെയും സാമൂഹ്യ പരിഷ്‌കരണവുമായിരുന്നു ലക്ഷ്യം. മൂന്നാമത്തേതും ഇപ്പോള്‍ നടപ്പിലായതുമാണ് വനിതാ ഡ്രൈവിങ്ങിനുള്ള അനുമതി. കഴിഞ്ഞ സെപ്തംബറില്‍ സല്‍മാന്‍ രാജാവിന്റെ പ്രഖ്യാപനത്തിനു പിന്നിലെ ചാലക ശക്തി ഇദ്ദേഹമായിരുന്നു. വരും മാസങ്ങളില്‍ സൗദിയുടെ സമ്പൂര്‍ണ പരിഷ്‌കരണം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് വരുന്നത്. ലോക മാധ്യമങ്ങളുടെ കണ്ണ് അദ്ദേഹത്തെ പിന്തുടരുന്നതിന്റെ കാരണവും ഇതു തന്നെ.