ചരിത്രം കുറിക്കാനൊരുങ്ങി സൗദി: ഇനി ഒരു ദിനം മാത്രം

single-img
23 June 2018

പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനു വിട; വാഹനവുമായി നിരത്തിലിറങ്ങാന്‍ സൗദി വനിതകള്‍ക്ക് മുന്നിലുള്ളത് ഇനി ഒരു ദിനം മാത്രം. സ്വദേശികളും വിദേശികളുമായ 54,000 ലേറെ സ്ത്രീകളാണ് ഡ്രൈവിങ് ലൈസന്‍സ് നേടി ചരിത്രമുഹൂര്‍ത്തത്തിന് കാത്തിരിക്കുന്നത്.

കാറിനു പുറമെ ഹെവി വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഓടിക്കാന്‍ ലൈസന്‍സ് നേടിയവരുണ്ട്. അംഗീകൃത രാജ്യങ്ങളില്‍ ലൈസന്‍സുള്ളവര്‍ക്ക് ആ ലൈസന്‍സ് സൗദിയിലേക്കു മാറ്റാന്‍ അനുവാദമുണ്ട്. ലൈസന്‍സ് കൈപ്പറ്റിയവര്‍ തങ്ങളുടെ ആഹ്ലാദം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ്.

പ്രധാന നഗരങ്ങളിലും വിവിധ പ്രവിശ്യകളിലും വനിതകള്‍ വാഹനമോടിക്കുന്നതിനു മുന്നോടിയായി ട്രാഫിക് വിഭാഗം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ടായിരത്തി ഇരുപതോടെ സൗദിയിലെ വനിതാ ഡ്രൈവര്‍മാരുടെ എണ്ണം 30 ലക്ഷം കവിയും എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ടാക്‌സി ഓടിക്കാന്‍ വനിതകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഗതാഗത നിയമലംഘനങ്ങളില്‍നിന്ന് വനിതാ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, മദ്യമയക്കുമരുന്ന് ലഹരിയിലും എതിര്‍ദിശയിലും വാഹനമോടിക്കല്‍, സിഗ്‌നല്‍ മറികടക്കല്‍, അമിതവേഗം, നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ ഓവര്‍ടേക് ചെയ്യല്‍ തുടങ്ങിയവ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളായി കണക്കാക്കും.

ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനമോടിക്കുന്നത് 900 റിയാല്‍ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതിയില്ലാത്ത ഏക ഗള്‍ഫ് രാജ്യമായിരുന്നു സൗദി അറേബ്യ. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 26ന് രാത്രിയാണ് സ്ത്രീകള്‍ക്കും വാഹനം ഓടിക്കാന്‍ അനുമതി നല്‍കി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ചരിത്രപരമായ ഉത്തരവിറക്കിയത്.