പാകിസ്താനെ 72 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യന്‍ പെണ്‍പുലികള്‍ ഏഷ്യാകപ്പ് ഫൈനലില്‍

single-img
9 June 2018

ക്വാലാലംപുര്‍: പാകിസ്താനെ എറിഞ്ഞിട്ട് ഇന്ത്യന്‍ വനിതകള്‍ ഏഷ്യ കപ്പ് ടിട്വന്റി ക്രിക്കറ്റ് ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 72 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ വനിതകള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം ലക്ഷ്യം കണ്ടു.

ടോസ് നേടി ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത പാക്കിസ്താന്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് നേടി.തുടര്‍ന്ന് 73 റണ്‍സ് എന്ന ചെറിയ ലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ മിതാലി രാജിനെ നഷ്ടമായി.

സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രം പിറന്നപ്പോഴാണ് മിതാലിനെ രാജിനെ ഇന്ത്യയ്ക്ക് നഷ്ടമായത്. തൊട്ടുപിന്നാലെ അനം അമീന്‍ തന്നെ ഇന്ത്യയുടെ രണ്ടാമത്തെ വിക്കറ്റും പറിച്ചു. ഒരു റണ്‍ പോലും എടുക്കാതെയാണ് ദീപ്തി ശര്‍മ്മയെ അമീന്‍ മടക്കിയത്. രണ്ടു ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ടു വിക്കറ്റിന് അഞ്ചു റണ്‍സ് എന്ന നിലയില്‍ ഇന്ത്യയെ പ്രതിരോധത്തിലേക്ക് പാക്കിസ്താന്‍ തള്ളിവിട്ടെങ്കിലും സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 65 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഹര്‍മന്‍പ്രീത് 49 പന്തില്‍ പുറത്താകാതെ 34 റണ്‍സെടുത്തപ്പോള്‍ 40 പന്തില്‍ നിന്ന് 38 റണ്‍സായിരുന്നു സ്മൃതിയുടെ സംഭാവന.

ഇന്ത്യക്കായി എക്ത ബിഷ്റ്റ് നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. പാകിസ്താനേയും ഇന്ത്യയേയും കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌ലന്റ്, ആതിഥേയരായ മലേഷ്യ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്.