സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ക്ക് കനത്ത തിരിച്ചടി: നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു

single-img
4 June 2018

സ്വദേശിവത്കരണത്തിന് പിന്നാലെ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി പ്രഖ്യാപിച്ചതോടെ സൗദിയില്‍ ഒട്ടേറെ മലയാളി ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇവരില്‍ പലരും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ ഡ്രൈവര്‍മാരുടെ നിയമനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം ഇടിവാണ് സൗദിയില്‍ ഉണ്ടായിട്ടുള്ളത്.

വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങിയതോടെ ഇത് 40 ശതമാനത്തിലേറെയാകുമെന്നാണ് സൂചന. ലൈസന്‍സ് കിട്ടിയ വനിതകള്‍ പലരും വീട്ടിലെ ഡ്രൈവര്‍മാരെ ഒഴിവാക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് രൂക്ഷമാകുമെന്നാണ് സൂചനകള്‍.

സൗദിയില്‍ ഇപ്പോള്‍ എട്ടു ലക്ഷത്തിലേറെ വിദേശ ഡ്രൈവര്‍മാരുണ്ട്. ഇതില്‍ രണ്ടു ലക്ഷത്തോളം പേരും ഹൗസ് ഡ്രൈവര്‍മാരാണ്. ഒരു ഡ്രൈവര്‍ക്ക് താമസവും ഭക്ഷണവും ഉള്‍പ്പെടെ ശരാശരി 1500-1800 റിയാലാണ് ശമ്പളം. ആവശ്യക്കാര്‍ കുറഞ്ഞതോടെ ഹൗസ് ഡ്രൈവര്‍മാരുടെ ശമ്പളം 1200 റിയാലിനും താഴെയായി എന്നും റിപ്പോര്‍ട്ടുകളുണ്ട്.