മേകുനു കൊടുങ്കാറ്റ്: ഒമാനിലും സൗദിയിലും ജാഗ്രതാ നിര്‍ദേശം

single-img
24 May 2018

മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഒമാനില്‍ കനത്ത മഴയോട് കൂടി ‘മേകുനു’ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ എവിയേഷന്‍ അറിയിച്ചു.

ദോഫാര്‍ മേഖലയിലെ കൂടുതല്‍ ജനവാസമുള്ള സലാലയില്‍ നിന്നും 570 കിലോമീറ്റര്‍ അകലെയാണ് ‘മേകുനു’ കൊടുങ്കാറ്റ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ദോഫാര്‍, അല്‍ വുസ്ത എന്നീ മേഖലകളില്‍ ഇടിമിന്നലോടു കൂടി മഴ പെയ്തു തുടങ്ങും.

മേകുനു കൊടുങ്കാറ്റ് സലാലക്കും ഹൈമക്കും അടുത്തുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് ആഞ്ഞടിക്കാന്‍ സാധ്യത. ദോഫാര്‍ മേഖലയില്‍ നിലവില്‍ 80,000ത്തോളം ഇന്ത്യക്കാരാണു സ്ഥിരതാമസക്കാരായിട്ടുള്ളത്.

ഏത് ഗുരുതരമായ സാഹചര്യങ്ങളും നേരിടാന്‍ ഒമാന്‍ സിവില്‍ ഡിഫന്‍സ് സജ്ജമായി കഴിഞ്ഞെന്ന് സലാലയിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗ് പറഞ്ഞു. മണിക്കൂറില്‍ 170 കി.മീ മുതല്‍ 230 കി.മീ വരെ വേഗതയിലായിരിക്കും ‘മേകുനു’ ആഞ്ഞടിക്കാന്‍ സാധ്യത. മേഖലകളില്‍ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ ഉറപ്പ് വരുത്തുന്നതിനുമുള്ള അടിയന്തര നടപടികള്‍ ഒമാന്‍ സിവില്‍ ഡിഫന്‍സ് ഇതിനകം സ്വീകരിച്ചു കഴിഞ്ഞു.

ലോക കാലാവസ്ഥാ സംഘടന (ഡബ്ലിയുഎംഒ) തയാറാക്കിയ പട്ടികയില്‍നിന്നാണ് ഈ സീസണില്‍ രൂപമെടുത്ത രണ്ടാമത്തെ ചുഴലിക്കു പേരിട്ടത്. ‘സാഗര്‍’ എന്ന പേര് ഇന്ത്യയുടെ സംഭാവനയായിരുന്നുവെങ്കില്‍ ‘മേകുനു’ എന്ന പേര് അയല്‍ രാജ്യമായ മാലിദ്വീപിന്റേതാണ്. ചുഴലി’പ്പേരുവിളി’യിലെ അടുത്ത ഊഴം മ്യാന്‍മാറിനാണ്.