സൗദിയില്‍ ഉറുമ്പ് കടിയേറ്റ് മലയാളി യുവതി മരിച്ച സംഭവം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍

single-img
5 April 2018

റിയാദ്: വിഷ ഉറുമ്പിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. അടൂര്‍ സ്വദേശി സൂസമ്മ ജേസി(33)യാണ് മരിച്ചത്. റിയാദില്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍വെച്ചാണ് ഉറുമ്പുകടിയേറ്റത്. വേദന കൂടുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപ്പോഴേക്കും അബോധാവസ്ഥയിലായി. 16 ദിവസമായി ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. പിന്നീടാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം യുവതി മരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍ രംഗത്തെത്തി. സൗദിയിലെ കറുത്ത ഉറുമ്പുകള്‍ക്ക് തീവ്രതയേറിയ വിഷമുണ്ട്.

ഇതിന് മനുഷ്യനെ കൊല്ലാനാകും. തണുപ്പില്‍ നിന്നും ചൂടിലേക്ക് മാറുകയാണ് സൗദിയില്‍ കാലാവസ്ഥ. ഇതിനിടയില്‍ അലര്‍ജിക്ക് സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ വിഷമുള്ള ഉറുമ്പുകളുടെ കടിയേറ്റാല്‍ പ്രശ്‌നം വഷളാകും. ഇതിനായി പ്രതിരോധ മാര്‍ഗം സ്വീകരിക്കണം.

തേളുകളുടെയും ഉറുമ്പുകളുടെയും കടിയേറ്റാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്. പാര്‍ക്കുകളില്‍ കുഞ്ഞുങ്ങളെ ഇരുത്തുമ്പോഴും ശ്രദ്ധ വേണം. ആസ്തമ, അലര്‍ജി ബാധിതര്‍ക്ക് മാത്രമാണ് ഇത്തരം ഉറുമ്പുകളുടെ ആക്രമണം സാരമായി ബാധിക്കുക.

ആശുപത്രിയിലെത്തിച്ചാല്‍ തന്നെ കൃത്രിമ ശ്വാസം നല്‍കുന്ന സിപിആര്‍ പ്രക്രിയക്ക് ഇരുപത് മിനിട്ടെങ്കിലും എടുക്കും. അതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ പിന്നെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പ്രയാസമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.