ട്വന്റി20 വനിതാ ക്രിക്കറ്റ്: മഹാരാഷ്ട്രയെ തകര്‍ത്ത് കേരളത്തിനു കിരീടം

single-img
4 April 2018

ഡല്‍ഹി: അഖിലേന്ത്യാ അണ്ടര്‍ 23 വനിത ടിട്വിന്റി ലീഗ് കിരീടം കേരളത്തിന്. ഫൈനലില്‍ ആതിഥേയരായ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റന് തോല്‍പിച്ചാണ് കേരള വനിതകള്‍ ചാമ്പ്യന്‍മാരായത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെയാണ് കേരളം മറികടന്നത്. സ്‌കോര്‍; മഹാരാഷ്ട്ര 114/4, കേരളം 115/5.

ആദ്യം ബാറ്റുചെയ്ത മഹാരാഷ്ട്ര 20 ഓവറില്‍ നാലു വിക്കറ്റു നഷ്ടത്തില്‍ 114 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 19.5 ഓവറില്‍ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. 37 റണ്‍സെടുത്ത എ. അക്ഷയയാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍.

ജിലു ജോര്‍ജ് ( 27 പന്തില്‍ 22), ക്യാപ്റ്റന്‍ എസ്. സജന (19 പന്തില്‍ 24) എന്നിവരും കേരളത്തിനായി മികച്ച ബാറ്റിങ് പുറത്തെടുത്തു. ദേശീയ തലത്തില്‍ കേരളത്തിന് ആദ്യമായാണു കിരീടം ലഭിക്കുന്നത്. മധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, മുംബൈ എന്നീ കരുത്തരെ തോല്‍പ്പിച്ചായിരുന്നു ഗ്രൂപ്പു ഘട്ടത്തിലെ കേരളത്തിന്റെ മുന്നേറ്റം.