അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനങ്ങള്‍ തൂത്തുവാരി മലയാളികള്‍: പത്തനംതിട്ട സ്വദേശിക്ക് 20 കോടി രൂപ സമ്മാനം

single-img
4 April 2018

ദുബായ്: യു.എ.ഇ.യില്‍ കോടിപതിയായി വീണ്ടുമൊരു മലയാളി. പത്തനംതിട്ട ആറന്മുള സ്വദേശി ജോണ്‍ വര്‍ഗീസാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (20 കോടി രൂപയോളം) സ്വന്തമാക്കിയത്. ദുബായില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറാണ് ജോണ്‍ വര്‍ഗീസ്.

നാലു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുകയായ 1.2 കോടി ദിര്‍ഹം അവരുമായി പങ്കുവയ്ക്കുമെന്ന് ജോണ്‍ പറഞ്ഞു. ജോണിന് യുഎഇയില്‍ തുടരാനാണ് ആഗ്രഹം. അതേസമയം കണ്ണൂര്‍ സ്വദേശി മൊയ്തു ഐക്കരയ്ക്ക് ഒരു ലക്ഷം ദിര്‍ഹമാണ് ലഭിച്ചത്.

ഷിനു താഴത്തുവളപ്പിലിന് 90,000 ദിര്‍ഹമും സുനി ദേവസിക്കുട്ടിക്ക് 80,000 ദിര്‍ഹമും ലഭിച്ചു. രതീഷ് ശശിധരന് 70,000 ദിര്‍ഹമാണ് കിട്ടുക. അറയ്ക്കല്‍ വളപ്പില്‍ ഹരിദാസന് 60,000 ദിര്‍ഹമും വിനോദ് കുമാര്‍ ഗോപിനാഥന് അര ലക്ഷം ദിര്‍ഹമും ലഭിക്കും.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ധാരാളം മലയാളികളെ ഭാഗ്യദേവത കനിഞ്ഞിട്ടുണ്ടെങ്കിലും ഒറ്റ നറുക്കെടുപ്പില്‍ വിജയികളെല്ലാം മലയാളികളാകുന്നത് ഇതാദ്യമാണ്. 500 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രണ്ടു ടിക്കറ്റ് എടുത്താല്‍ ഒന്നു സൗജന്യമായി ലഭിക്കും.