ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തര്‍

single-img
1 April 2018

ദോഹ: രാജ്യത്ത് പൊടിക്കാറ്റ് ശക്തമായതിനാല്‍ ജനങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്.എം.സി). പൊടിക്കാറ്റ് മൂലമുണ്ടാകുന്ന സൈനസ്, അലര്‍ജി, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

പൊടിക്കാറ്റുള്ളപ്പോള്‍ പുറത്തുപോകുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും കാറ്റ് ശക്തമാകുമ്പോഴും ദൂരക്കാഴ്ച കുറയുമ്പോഴും പുറത്തുപോകുന്നത് പരമാവധി ഒഴിവാക്കണം. മൂക്കും വായും നനഞ്ഞ തുണികൊണ്ട് മൂടുകയോ മാസ്‌ക് ധരിക്കുകയോ വേണം. ഇതിലൂടെ പൊടിയിലെ ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ ശ്വാസകോശത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ കഴിയും.

വാഹനം ഓടിക്കുന്നവര്‍ കാറിന്റെ വിന്‍ഡോ നന്നായി അടച്ചെന്ന് ഉറപ്പാക്കണം. കണ്ണുകള്‍ തിരുമ്മുന്നത് ഒഴിവാക്കിയാല്‍ അണുബാധ തടയാമെന്നും എച്ച്.എം.സി. എമര്‍ജന്‍സി മെഡിസിനിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വര്‍ദ അല്‍ സാദ് പറഞ്ഞു. കുട്ടികള്‍, നവജാതശിശുക്കള്‍, വയോധികര്‍, ആസ്തമ രോഗികള്‍, ബ്രോഞ്ചൈറ്റിസ് ബാധിതര്‍ എന്നിവര്‍ക്കാണ് രോഗസാധ്യത കൂടുതലുള്ളത്. കണ്ണുകളില്‍നിന്നും വെള്ളം വരുന്നവര്‍, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാല്‍ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ചികിത്സ തേടണം.

ഹൃദ്രോഗ ബാധിതര്‍, ഗര്‍ഭിണികള്‍, പുറത്തു ജോലിചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് കൂടുതലും പൊടിക്കാറ്റ് ബാധിക്കാന്‍ സാധ്യത. ഇവര്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണമെന്നും ഡോ. വര്‍ദ നിര്‍ദേശിച്ചു. സംരക്ഷിത ഗ്ലാസുകള്‍ ഉപയോഗിക്കണമെന്നും കണ്ണുകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടാല്‍ തുടര്‍ച്ചായി കണ്ണ് കഴുകണമെന്നും ഡോ. വര്‍ദ പറഞ്ഞു.