ചെട്ടിക്കുളങ്ങര ഭരണി വേല യുഎഇയില്‍…

single-img
1 April 2018

അബുദാബി: ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര ദേശവാസികളുടെ ഉത്സവമായ ചെട്ടിക്കുളങ്ങര ഭരണി വേല അബുദാബിയില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ഇന്ത്യാ സോഷ്യല്‍ സെന്ററിലാണ് ചെട്ടിക്കുളങ്ങര കുത്തിയോട്ടപ്പാട്ടും ചുവടും നടന്നത്.

സ്റ്റേജില്‍ ചെട്ടിക്കുളങ്ങര അമ്മയെക്കുറിച്ചുള്ള പാട്ടുകളും സദസ്സിന് നടുവില്‍ നൃത്തച്ചുവടുകളുമായി ചെട്ടിക്കുളങ്ങരക്കാര്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മണിക്കൂറുകളോളം ഉത്സവം തീര്‍ത്തു. ഓരോ പാട്ടിനും വ്യത്യസ്തമായ താളവും ചുവടുകളും ശരീരഭാഷയുമാണ് കുത്തിയോട്ടത്തിന്റെ പ്രത്യേകത.

കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദമന്യേയുള്ള പുരുഷന്മാര്‍ വ്രതശുദ്ധിയോടെ കൈയും മെയ്യും മറന്ന് ചുവടുകള്‍ വച്ചത് അപൂര്‍വ്വമായ കാഴ്ച്ചകളായി. നാട്ടിലെ കുംഭഭരണിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രദേശവാസികള്‍ ആണ് അതേ തനിമയോടെ ഇവിടെ ഭരണി ആഘോഷം സംഘടിപ്പിച്ചത്.

യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആലപ്പുഴക്കാരുടെ സാന്നിദ്ധ്യത്തിലാണ് ‘ചെട്ടിക്കുളങ്ങര കുത്തിയോട്ടപ്പാട്ടും ചുവടും’ നടന്നത്. യു.എ.ഇ യിലെ നൂറ്റിയന്‍പതോളം കുത്തിയോട്ട കലാകാരന്‍മാര്‍ പങ്കെടുത്ത സംഗീതാര്‍ച്ചനയും നൃത്താര്‍ച്ചനയും ചെണ്ടമേളവും ഗൃഹാതുരത്വം പകര്‍ന്നു. ചെട്ടിക്കുളങ്ങര ഉള്‍പ്പെടുന്ന ഓണാട്ടുകരയുടെ കലാ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നതായിരുന്നു കുത്തിയോട്ടപ്പാട്ടും ചുവടുകളും.

ഓണാട്ടുകരയുടെ രുചിവൈവിദ്ധ്യവുമായി ‘കുതിരമൂട്ടില്‍ കഞ്ഞിയും’സംഘാടകര്‍ സന്ദര്‍ശകര്‍ക്കായി വിളമ്പിയിരുന്നു. ചെട്ടിക്കുളങ്ങര മീന ഭരണിയോടനുബന്ധിച്ചുള്ള കുട്ടികളുടെ കെട്ടുകാഴ്ച്ചയും ഐ.എസ്.സി ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ചിരുന്നു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ചെട്ടിക്കുളങ്ങര ഭരണി വേല അബുദാബിയില്‍ നടന്നത്.