പന്ത് ചുരണ്ടല്‍ വിവാദം: കളിക്കാരെ വിലക്കിയതിന് പിന്നാലെ ആസ്‌ട്രേലിയയ്ക്ക് വമ്പന്‍ തിരിച്ചടി

single-img
29 March 2018

കേപ്ടൗണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്കു വീണ്ടും തിരിച്ചടി. ടീമിന്റെ മുഖ്യ സ്‌പോണ്‍സറായ മഗ്ല്ലന്‍ പിന്മാറി. മൂന്ന് വര്‍ഷംകൂടി കരാര്‍ ബാക്കി നില്‍ക്കെയാണ് മഗ്ല്ലന്‍ പിന്മാറിയത്. 20 മില്യന്‍ ആസ്‌ട്രേലിയന്‍ ഡോളറിന്റെ കരാറായിരുന്നു മഗല്ലനുമായി ടീം ക്രിക്കറ്റ് ആസ്‌ട്രേലിയയ്ക്ക് ഉണ്ടായിരുന്നത്.

പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ആസ്‌ട്രേലിയന്‍ ടീമിലെ വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പുകള്‍ ചില കമ്പനികള്‍ പിന്‍വലിച്ചിരുന്നെങ്കിലും മഗല്ലന്റെ പിന്മാറ്റം ക്രിക്കറ്റ് ആസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയാണ്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റ് ആസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്ക് ശിക്ഷ വിധിച്ചിരുന്നു.

ഇരുവരുടെയും നിര്‍ദ്ദേശപ്രകാരം സാന്‍ഡ്‌പേപ്പര്‍ കൊണ്ട് പന്തുരച്ച് തിളക്കം കളഞ്ഞ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തേക്കാണ് വിലക്ക്. സ്മിത്തിനും വാര്‍ണര്‍ക്കും അടുത്ത രണ്ടു വര്‍ഷത്തേക്ക് ടീമിന്റെ ക്യാപ്ടനാകാന്‍ പറ്റില്ലെന്നും വിധിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ആസ്‌ട്രേലിയ തലവന്‍ ജെയിംസ് സതര്‍ലാന്‍ഡ് ദക്ഷിണാഫ്രിക്കയിലെത്തി ടീം മാനേജ്‌മെന്റിനോടും താരങ്ങളോടും വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്. സംഭവം വിവാദമായ ഉടനെ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സ്മിത്ത് നായക പദവിയില്‍ നിന്നും വാര്‍ണര്‍ ഉപനായക പദവിയില്‍ നിന്നും ഒഴിഞ്ഞിരുന്നു.

ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ശിക്ഷാവിധി പുറത്തുവന്നയുടന്‍ ബി.സി.സി.ഐ സ്മിത്തിനെയും വാര്‍ണറെയും ഐ.പി.എല്ലില്‍ നിന്ന് വിലക്കി. നേരത്തേ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ക്യാപ്ടന്‍ സ്ഥാനത്തുനിന്ന് സ്മിത്തിനെ മാറ്റിയിരുന്നു. ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ക്യാപ്ടന്‍ സ്ഥാനത്തുനിന്ന് വാര്‍ണറും ഒഴിഞ്ഞിരുന്നു.