9 മാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: പ്രവാസി വീട്ടുജോലിക്കാരിക്ക് ദുബായില്‍ വധശിക്ഷ

single-img
27 March 2018

ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇന്തൊനീഷ്യ സ്വദേശിയായ വീട്ടുജോലിക്കാരിക്ക് ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചു. പ്രതിക്കു കടുത്തശിക്ഷ നല്‍കണമെന്നു കുട്ടികളുടെ മാതാപിതാക്കളായ ഹുദ, ഈസാ അല്‍ മസ്മി എന്നിവര്‍ വിചാരണവേളയില്‍ ആവശ്യപ്പെട്ടിരുന്നു.

മുപ്പതുകാരിയായ പ്രതി കുറ്റം നിഷേധിച്ചെങ്കിലും കുട്ടിയെ നിലത്തെറിയുകയും മര്‍ദിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ഫോറന്‍സിക് ഫലം ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണു കോടതി ശിക്ഷ വിധിച്ചത്. 2016 ജൂലൈയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.

ഈച്ചകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബാറ്റ് ഉപയോഗിച്ചാണ് വീട്ടുജോലിക്കാരി കുഞ്ഞിനെ മര്‍ദ്ദിച്ചത്. കുട്ടിക്ക് ആന്തരിക രക്തസ്രാവമുള്ളതായും തലയോട്ടി തകര്‍ന്നിരുന്നതായും ആശുപത്രിയില്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. അബോധാവസ്ഥയില്‍ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിനു വിദഗ്ധ ചികില്‍സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.