സികെ വിനീതിനെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കുന്നു ?

single-img
9 March 2018

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സും മലയാളി താരം സികെ വിനീതും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ കായിക വെബ്‌സൈറ്റായ ഗോള്‍ ഡോട് കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ടീമുമായി കരാറിലൊപ്പിട്ട വിനീതിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

ഇതാണ് താരത്തെ പുറത്താക്കുക എന്ന തീരുമാനത്തിലേക്ക് ടീമിനെ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തയോട് വിനീതോ ബ്ലാസ്റ്റേഴ്‌സോ പ്രതികരിച്ചിട്ടില്ല. പോയവര്‍ഷം ജൂലൈ 17നായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സി.കെ.വിനീതുമായി കരാറിലൊപ്പിടുന്നത്.

അതുവരെ ബെംഗളൂരു എഫ്‌സിയുടെ താരമായിരുന്നു വിനീത്. എന്നാല്‍ ലോണ്‍ അടിസ്ഥാനത്തില്‍ മഞ്ഞപ്പടയില്‍ കളിക്കുകയായിരുന്നു. ഐഎസ്എല്‍ ഡ്രാഫ്റ്റ് നിയമം അനുസരിച്ച് സുനില്‍ ഛേത്രിയേയും ഉദാത്ത സിങ്ങിനേയും നിലനിര്‍ത്താന്‍ നീലപ്പട തീരുമാനിച്ചതോടെയാണ് വിനീതിന് ബ്ലാസ്‌റ്റേഴ്‌സ് കരാറിലേക്കുള്ള വഴി തുറന്നത്.

ബെംഗളൂരുവിനായി 85 മല്‍സരങ്ങളില്‍ നിന്നും 21 ഗോളുകള്‍ നേടിയിട്ടുള്ള വിനീത് രണ്ട് ഐ ലീഗ് കിരീട നേട്ടത്തിലും പങ്കാളിയായിരുന്നു. താരത്തെ ഒരു കോടിയ്ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചത്. വിനീതിന്റെ സൈനിങ് മഞ്ഞപ്പടയ്ക്കും ഏറെ ആവേശം പകരുന്നതായിരുന്നു. എന്നാല്‍ ആ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ താരത്തിന് സാധിച്ചില്ല.

ബ്ലാസ്റ്റേഴ്‌സിനായി നാല് ഗോളുകള്‍ നേടിയെങ്കിലും പോയ സീസണിനെ അപേക്ഷിച്ച് ഇത്തവണ വിനീത് നനഞ്ഞ പടക്കമായിരുന്നു. പലപ്പോഴും ചില മിന്നലാട്ടങ്ങളില്‍ മാത്രം ഒതുങ്ങി വിനീതിന്റെ പ്രകടനം. ഇതാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് ഗോള്‍ പറയുന്നത്. വിനീതും ടീം അധികൃതരും പരസ്പര ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.