ഖത്തറിനെതിരെ ആഞ്ഞടിച്ച് സൗദി: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ നീക്കവുമായി വീണ്ടും അമേരിക്ക

single-img
25 February 2018

ഇരുട്ടിനു പിന്നില്‍ മറഞ്ഞിരുന്നു ഭീകരതയെ പിന്തുണയ്ക്കുന്ന സമീപനമാണ് ഖത്തര്‍ പിന്തുടരുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഭീകരതക്കുള്ള പിന്തുണ അവസാനിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങളുടെ നിരയിലേക്ക് ഖത്തര്‍ തിരിച്ചുവരണമെന്നാണ് സൗദിയടക്കമുള്ള രാജ്യങ്ങളുടെ ആഗ്രഹമെന്നും ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.

ബ്രസല്‍സില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി അംഗങ്ങളുമായുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സൗദി വിദേശകാര്യ മന്ത്രി. മാധ്യമങ്ങള്‍ കാണിക്കുന്നതല്ല ഖത്തറിന്റെ യഥാര്‍ഥ മുഖം. അതിനുമപ്പുറത്തുള്ള മറ്റൊരു മുഖമാണ് ഖത്തറിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാനുമായി അന്തരാഷ്ട്ര സമൂഹം ഒപ്പുവച്ച ആണവ കരാറില്‍ ന്യൂനതകളുണ്ട്. ഇതില്‍ ഭേദഗതികള്‍ ആവശ്യമാണ്. ആണവായുധ ശേഷി കൈവശമാക്കുന്നതില്‍ നിന്നും ഇറാനെ തടയുകയും ഇറാന്‍ ആണവ നിലയങ്ങളില്‍ കര്‍ക്കശ പരിശോധന ഉറപ്പുവരുത്തുകയും വേണം.

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഉതകുന്നരീതിയിലുള്ള ഏതു കരാറിനെയും സൗദി പിന്തുണക്കും. ഇറാന്‍ ആണവ കരാറില്‍ ഭേദഗതി വരണമെന്ന നിലപാടാണ് ട്രംപ് ഭരണകൂടത്തിനുള്ളതെന്നാണ് കരുതുന്നത്. നിലവില്‍ ഇറാന്‍ തങ്ങളുടെ മുഴുവന്‍ ആണവ കേന്ദ്രങ്ങളെ കുറിച്ചും പരസ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എട്ടു മാസത്തിലേറെയായി തുടരുന്ന ഗള്‍ഫ് രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ നീക്കവുമായി അമേരിക്ക വീണ്ടും രംഗത്തെത്തി. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി അധികം വൈകാതെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തും.

ഐ.എസ് വിരുദ്ധ പോരാട്ടം, ഇറാന്‍ വിരുദ്ധ നയം എന്നിവ വിജയിക്കണമെങ്കില്‍ ജി.സി.സി കൂട്ടായ്മ അനിവാര്യമാണെന്ന് അമേരിക്ക വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മധ്യസ്ഥനീക്കം വീണ്ടും ശക്തമാക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാകും ട്രംപ് ജി.സി.സി നേതാക്കളുമായി ചര്‍ച്ച നടത്തുക.

കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചു മുതലാണ് ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ നാലു രാജ്യങ്ങള്‍ അറിയിച്ചത്. കുവൈത്ത് അമീറിന്റെയും യു.എസ് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി എന്നിവരുമായാകും ചര്‍ച്ച നടത്തുകയെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.