ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യക്ക് പരമ്പര

single-img
25 February 2018


കേപ് ടൗണ്‍: മൂന്നാമത്തെയും അവസാനത്തെയുമായ മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയവുമായി ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്‍റി20 പരമ്പര സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട കളിയില്‍ ഏഴ് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 173 റണ്‍സ് ലക്ഷ്യത്തിന് മറുപടിയായി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എടുക്കാനേ ആതിഥേയര്‍ക്ക് കഴിഞ്ഞുള്ളു. ഇതോടെ നിര്‍ണായക പോരാട്ടത്തില്‍ ജയവുമായി 2-1ന് പരമ്പര ഇന്ത്യക്കൊപ്പം നിന്നു.

മുന്നില്‍ നിന്ന് പോരാടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ജെ.പി.ഡുമിനിയുടെ അര്‍ധശതകം പാഴായി. ഡുമിനി 55 റണ്‍സും ക്രിസ്റ്റ്യന്‍ ജോങ്കര്‍ 49 റണ്‍സുമെടുത്ത് പുറത്തായി. മറ്റു പ്രോട്ടീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് വലിയ സ്കോറുകളിലേക്ക് മുന്നേറാനായില്ല. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ, ശര്‍ദുല്‍ താക്കൂര്‍, ഹാര്‍ദിക് പാണ്ഡ്യ, സുരേഷ് റെയ്ന എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

പരിക്കേറ്റ ക്യാപ്റ്റന്‍ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ ശിഖര്‍ ധവാന്‍ 47 റണ്‍സെടുത്തു. 27 പന്തില്‍ 43 റണ്‍സുമായി സുരേഷ് റെയ്നയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യയുടെ 21 റണ്‍സാണ് പിന്നീട് ഇന്ത്യക്ക് ആശ്വാസമായത്. കോലിക്ക് പകരം നായകനായ രോഹിത് ശര്‍മ 11 റണ്‍സുമായി പുറത്തായി. റെയ്ന കളിയിലെ താരമായപ്പോള്‍ ഭുവനേശ്വര്‍ കുമാറാണ് പരമ്പരയിലെ താരമായത്.