പാകിസ്താന്‍ ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാമതെത്തി: എതിര്‍പ്പുമായി ഓസ്‌ട്രേലിയ

single-img
23 February 2018

ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ പാകിസ്താന്‍ ഒന്നാമതെത്തിയതില്‍ എതിര്‍പ്പുമായി ഓസ്‌ട്രേലിയ. കണക്കുകളിലെ പിഴവുകളാണ് ഇതിന് കാരണമെന്നാണ് ഓസ്‌ട്രേലിയയുടെ ആരോപണം. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ത്രിരാഷ്ട്ര ട്വന്റി 20 പരമ്പര നേടുകയാണെങ്കില്‍ ഈ ആഴ്ചയിലെ റാങ്ക് പട്ടികയില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് എത്തുമായിരുന്നു.

ബുധാനാഴ്ച ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ പരമ്പര നേടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുതുതായി വന്ന പട്ടികയില്‍ പാകിസ്താനാണ് ഒന്നാമതെത്തിയിരിക്കുന്നത്. കണക്ക് കൂട്ടലുകളില്‍ ഐസിസിക്ക് പറ്റിയ പിഴവാണ് ഇതെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രസ്താവനയില്‍ പറയുന്നു.

2011ല്‍ ഐസിസി ടി ട്വന്റി റാങ്കിങ് തുടങ്ങിയത് മുതല്‍ ഓസ്‌ട്രേലിയക്ക് ഇതുവരെ ഒന്നാം റാങ്ക് നേടാനായിട്ടില്ല. ഐസിസിയുടെ ഏറ്റവും പുതിയ പട്ടികയില്‍ 125.84 പോയിന്റുമായി പാകിസ്താന്‍ ഒന്നാമതും 125.65 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. ഇന്ത്യയാണ് മൂന്നാം സ്ഥാനത്തുള്ളത്.