‘ആള്‍ക്കൂട്ട കൊലപാതകത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു

single-img
23 February 2018

പാലക്കാട്: മോഷണകുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തൃശൂര്‍ ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.

സംഭവവുമായി ബന്ധപ്പെട്ട് മുക്കാലിയിലെ കടയുടമ ഹുസൈന്‍ എന്ന വ്യക്തിയെ ഉള്‍പ്പെടെ ഏഴുപേരെ അഗളി പൊലീസ് കസ്റ്റയിലെടുത്തു. മറ്റ് പ്രതികളെ ഇന്നുതന്നെ പിടികൂടുമെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു. അതിനിടെ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു.

പാലക്കാട് ജില്ലാ കലക്ടറോടും പൊലീസ് സൂപ്രണ്ടിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് മധുവിന്റെ മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ആര്‍.ഡി.ഒ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

എന്നാല്‍ കൊലപാതകികളെ പിടികൂടാതെ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മധുവിന്റെ ബന്ധുക്കള്‍. നാട്ടുകാരാണ് മധുവിനെ മര്‍ദ്ദിച്ച് കൊന്നതെന്ന് മധുവിന്റെ അമ്മ പറഞ്ഞു.

അട്ടപ്പാടിയിലെ ‘ആള്‍ക്കൂട്ട കൊലപാതകത്തെ നിസാരവത്ക്കരിച്ച് കേരളത്തിലെ മാധ്യമങ്ങള്‍: സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളുന്നു

സ്ഥലത്തെ ഡ്രൈവര്‍മാരാണ് ഇത് ചെയ്തതെന്നും അമ്മ മല്ലി പറഞ്ഞു. സംഭവത്തില്‍ അതിശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ തിരുവനന്തപുരത്ത് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാത്ത തരത്തിലുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ആദിവാസി യുവാവ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കര്‍ശന നടപടിയെടുക്കണമെന്ന് ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ മധുവിനെ മുക്കാലി ഭവാനി പുഴയോരത്തുനിന്ന് പിടികൂടി മര്‍ദിച്ചത്. തുടര്‍ന്ന്, പൊലീസെത്തി കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിലേക്കുള്ള യാത്രമധ്യേ വാഹനത്തില്‍ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.