ബൗളറുടെ തലയില്‍ ഇടിച്ചിട്ടും പന്ത് ബൗണ്ടറിയുടെ മുകളിലൂടെ പറന്നു: ഇത് ക്രിക്കറ്റ് ലോകം കാണാത്ത അത്ഭുത സിക്‌സ്: വീഡിയോ

single-img
22 February 2018

ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തിയൊരു സിക്‌സര്‍. ഇങ്ങനൊരു സിക്‌സര്‍ സ്വപ്നത്തില്‍പ്പോലും ക്രിക്കറ്റ് ആരാധകര്‍ കണ്ടുകാണില്ല. ന്യൂസിലന്‍ഡിലെ അഭ്യന്തര ക്രിക്കറ്റ് മത്സരത്തില്‍ പിറന്ന ഒരു സിക്‌സ് കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ വംശജനായ കളിക്കാരനായ ജീത്ത് റാവലാണ് അപൂര്‍വ്വ സിക്‌സറിന്റെ ഉടമ. റാവലിന്റെ ഒരു ഷോട്ട് ബൗളറുടെ തലയില്‍ ഇടിച്ച ശേഷമാണ് ബൗണ്ടറി ലൈന്‍ കടന്ന് പറന്നിറങ്ങിയത്. മീഡിയം പേസര്‍ ആന്‍ഡ്രു എല്ലിസിനെതിരെ ക്രീസ് വിട്ടിറങ്ങി റാവലുതിര്‍ത്ത ഷോട്ട് എല്ലിസിന്റെ തലയില്‍ തട്ടി തെറിച്ച് ലോങ് ഓണ്‍ ബൗണ്ടറിയുടെ മുകളിലൂടെ പറക്കുകയായിരുന്നു.

ആദ്യം ബൗണ്ടറിയെന്ന് സൂചന നല്‍കിയ അമ്പയര്‍ പിന്നീട് തെറ്റ് തിരുത്തി, സിക്‌സര്‍ അനുവദിക്കുകയായിരുന്നു. ഭാഗ്യത്തിന് എല്ലിസിന് കാര്യമായ പരിക്കേറ്റില്ല. പന്ത് എല്ലിസിന്റെ തലയില്‍ ഇടിച്ചപ്പോള്‍ താന്‍ വല്ലാതെ പരിഭ്രമിച്ചെന്നും എല്ലിസിന് പരിക്ക് പറ്റിയില്ലെന്ന് ഉറപ്പായപ്പോഴാണ് ആശ്വാസമായതെന്നും റാവല്‍ പറഞ്ഞു.

മത്സരത്തില്‍ മികച്ച ബാറ്റിങ് പ്രകടനമാണ് റാവല്‍ കാഴ്ച്ചവച്ചത്. 153 പന്തില്‍ 10 ഫോറും നാല് സിക്‌സും സഹിതം 149 റണ്‍സാണ് ഈ കിവീസ് താരം നേടിയത്. റാവലിന്റെ സെഞ്ചുറി മികവില്‍ ഓക്‌ലന്‍ഡ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കാന്റര്‍ബറി 37.2 ഓവറില്‍ 197 റണ്‍സിന് പുറത്തായി. ഓക്‌ലന്‍ഡ് 107 റണ്‍സിന് ജയിച്ചു.