ഐപിഎല്‍ മത്സരക്രമം തയ്യാര്‍: കരുത്തരുടെ പോരാട്ടത്തോടെ തുടക്കം
മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണിന്റെ ഉദ്ഘാടന മത്സരം ഏപ്രില്‍ ഏഴ് ശനിയാഴ്ച മുംബൈ വാംങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ മുംബൈ ഇന്ത്യന്‍സും കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ മത്സരം.
മെയ് 27ന് ഇതേ വേദിയില്‍ തന്നെയാണ് കലാശപ്പോരും. ഏപ്രില്‍ എട്ട് മുതലാണ് രണ്ട് മത്സരങ്ങള്‍ക്ക് തുടക്കമാവുക. ഈ ദിവസം ആദ്യ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് കിങ്സ് ഇലവന് പഞ്ചാബിനെ നേരിടും. കൊല്‍ക്കത്ത-റോയല്‍ ചലഞ്ചേഴ്സ് പോരാട്ടമാണ് രണ്ടാമത്.
രാത്രി 8 മണിക്കും, വൈകിട്ട് 4 മണിക്കും തന്നെയായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക. രാത്രി 7 മണി, വൈകിട്ട് 5.30 എന്നീ സമയങ്ങളില്‍ മത്സരം ആരംഭിക്കാമെന്ന സ്റ്റാര്‍ സ്പോട്സിന്റെ നിര്‍ദേശത്തെ ടീമുകള്‍ എതിര്‍ത്തിരുന്നു.
വിലക്ക് മാറി ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന് റോയല്‍സും തിരിച്ചെത്തുന്നത് മല്‍സരങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കും. 9 വേദികളിലായി 51 മല്‍സരങ്ങളാണ് ഇത്തവണയുള്ളത്.