റഷ്യയില്‍ 71 പേരുമായി യാത്രാവിമാനം തകര്‍ന്നു വീണു

single-img
11 February 2018


മോസ്കോ: ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ റഡാര്‍ സ്ക്രീനില്‍ നിന്ന് അപ്രത്യക്ഷമായ റഷ്യന്‍ യാത്രാവിമാനം തകര്‍ന്നു വീണതായി സ്ഥിരീകരണം. 65 യാത്രക്കാരും ആറ് ജീവനക്കാരുമുള്‍പ്പെടെ 71 പേരുമായി സര്‍വീസ് നടത്തിയ വിമാനമാണ് തകര്‍ന്നത്. സരറ്റോവ് എയര്‍ലൈന്‍സിന്‍െറ എഎന്‍-148 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.

അപകടസ്ഥലം ആകാശമാര്‍ഗം നടത്തിയ തിരച്ചിലില്‍ തിരിച്ചറിഞ്ഞതായി രക്ഷാപ്രവര്‍ത്തന സംഘത്തെ ഉദ്ധരിച്ച് റഷ്യയുടെ ആര്‍.ഐ.എ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മോസ്കോക്ക് സമീപം രാമെന്‍സ്കി ജില്ലയില്‍ അര്‍ഗുനോവോ എന്ന ഗ്രാമത്തിലാണ് വിമാനം വീണതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വാഹനത്തില്‍ എത്താന്‍ കഴിയാത്തതിനാല്‍ കാല്‍നടയായാണ് രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക് പോകുന്നത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാന്‍ സാധ്യതയില്ല എന്നും റിപ്പോര്‍ട്ട് പറയുന്നു.

മോസ്കോയിലെ ഡോമോദെദോവോ വിമാനത്താവളത്തില്‍ നിന്ന് ഓര്‍സ്ക് നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. അപകടകാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനായി ഫോറന്‍സിക് സംഘവും അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.