യുഎഇയിൽ പ്രവാസി തൊഴിലാളികൾക്ക് ഇന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

single-img
4 February 2018

അബുദാബി: യു. എ. ഇ. യിലെ തൊഴിൽ വിസക്ക് അപേക്ഷിക്കുന്ന വിദേശികൾ സ്വഭാവ സർട്ടിഫിക്കറ്റ് സമർപ്പിക്കണം എന്ന നിയമം ഇന്നു മുതൽ (ഞായറാഴ്ച) പ്രാബല്യത്തിൽ വന്നു. യു. എ. ഇ. യില്‍ തൊഴിൽ വിസക്ക് അപേക്ഷിക്കുന്ന എല്ലാ വിദേശികള്‍ക്കും ഇത് ബാധകമാണ്.

സ്വന്തം രാജ്യത്തെ സര്‍ക്കാര്‍ അധികൃതര്‍ അല്ലെങ്കില്‍ ലോക്കല്‍ പൊലീസ് എന്നിവിടങ്ങളില്‍ നിന്നോ അതല്ലെങ്കില്‍ കഴിഞ്ഞ അഞ്ചു വർഷമായി താമസിക്കുന്ന രാജ്യത്തെ അധികൃതരിൽ നിന്നുമാണ് സ്വഭാവ സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടത്. തുടര്‍ന്ന് അതതു രാജ്യങ്ങളിലെ യു. എ. ഇ. എംബസ്സിയിൽ നിന്നോ യു. എ. ഇ. വിദേശകാര്യ മന്ത്രാലയ ത്തിൽ നിന്നോ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ കസ്റ്റമര്‍ ഹാപ്പിനെസ്സ് സെന്ററുകള്‍ വഴിയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താം.

നിലവില്‍ യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന വിദേശികള്‍ പുതിയ തൊഴില്‍ വിസയിലേക്കു മാറുകയാണെങ്കിലും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കണം. എന്നാല്‍ വിസ പുതുക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ആശ്രിത വിസക്കും ടൂറിസ്റ്റ് വിസക്കും സന്ദര്‍ശന വിസക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നൽകേണ്ടതില്ല. ദീർഘ കാലമായി യു. എ. ഇ. യിൽ താമസിക്കുന്നവർക്ക് അബുദാബി പോലീസിൽ നിന്നോ ദുബായ് പോലീസിൽ നിന്നോ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാം.ദേശീയ സുരക്ഷയും പൊതുജനസംരക്ഷണവും മുൻനിർത്തിയാണു തൊഴിൽ വീസയ്ക്ക് അപേക്ഷിക്കുന്ന വിദേശികൾ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം നടപ്പാക്കുന്നതെന്ന് അധികൃതർ. യു.എ.ഇ സ്വദേശികൾ ജോലിക്കായി സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെങ്കിലും വിദേശികൾക്ക് ഇത് ബാധകമായിരുന്നില്ല.