സൗദിയില്‍ മലയാളികളടക്കമുളള അധ്യാപകര്‍ക്ക് കനത്ത തിരിച്ചടി

single-img
31 January 2018


സൗദിയില്‍ ആശ്രിത വിസയില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപകര്‍ക്ക് ലെവി ഏര്‍പ്പെടുത്തുന്നു. ഇത് മലയാളികളടക്കം ഒട്ടേറെ വിദേശ അധ്യാപകരുടെ ജോലി സാധ്യതയ്ക്ക് മങ്ങലേല്‍ക്കും. ആശ്രിത വിസയിലെത്തി സൗദിയില്‍ അധ്യാപകരായി ജോലി ചെയ്യുന്നതിന് അജീറില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി നേടണം.

സ്വകാര്യ സ്‌കൂളുകളിലെ ആശ്രിത വീസാ നിയമനത്തിനുള്ള പദ്ധതിയാണ് അജീര്‍. ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത് അധ്യാപക ജോലി ചെയ്യുന്നവരാണ് വര്‍ഷത്തില്‍ 9500 റിയാല്‍ ലെവി അടയ്‌ക്കേണ്ടത്. ഇത് അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനാണ് നീക്കം.

ഓരോ വര്‍ഷവും അജീര്‍ പുതുക്കുന്നതിന് ലെവി അടയ്ക്കണം സൗദിയില്‍ കുടുംബ വിസയില്‍ കഴിയുന്നവര്‍ക്ക് മാസത്തില്‍ നല്‍കേണ്ട ലെവിക്ക് പുറമെയാണിത്. ഇതേസമയം സ്‌കൂളിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നേരിട്ടെത്തിയ അധ്യാപകര്‍ക്ക് ലെവി ബാധകമല്ല.

സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ആശ്രിത വിസയിലുള്ളവരാണ്. ഇന്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകരില്‍ പകുതിയിലേറെയും മലയാളികളും. അതുകൊണ്ടുതന്നെ പുതിയ ഉത്തരവ് മലയാളികളെയായിരിക്കും കൂടുതല്‍ ബാധിക്കുക.