ഇത് പ്രവാസികളുടെ വിജയം: പ്രതിഷേധം ലക്ഷ്യം കണ്ട സന്തോഷത്തില്‍ ഗള്‍ഫ് മലയാളികളും

single-img
31 January 2018


ദുബായ്: പാസ്‌പോര്‍ട്ടിന് നിറവ്യത്യാസം നല്‍കി പൗരന്മാരെ വേര്‍തിരിക്കാനുള്ള ശ്രമത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയതിനു പ്രധാന കാരണം പ്രവാസലോകത്തുനിന്നുള്ള കഠിനമായ എതിര്‍പ്പും പ്രതിഷേധവും തന്നെയായിരുന്നു. കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ക്ക് പോലും ഈ മാറ്റം സ്വീകാര്യമായിരുന്നില്ല.

വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ നിലവിലുള്ള പാസ്‌പോര്‍ട്ട് തുടരാന്‍ തീരുമാനിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇസിആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ്) പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കം വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

കുടിയേറ്റ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്നാണു മുഖ്യ ആരോപണം. നിലവില്‍, ഇസിആര്‍ ആവശ്യമുള്ളവര്‍ക്കും ആവശ്യമില്ലാത്തവര്‍ക്കും (ഇസിഎന്‍ആര്‍) പാസ്‌പോര്‍ട്ടിന് ഒരേ നിറമാണ്. വിദേശത്തെത്തുന്ന സാധാരണക്കാര്‍ പാസ്‌പോര്‍ട്ടിന്റെ പേരില്‍ വിവേചനം നേരിടുമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

പാസ്‌പോര്‍ട്ടുകളുടെ അവസാന പേജില്‍ ചേര്‍ത്തുവന്നിരുന്ന വിവരങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. രണ്ട് പരിഷ്‌കാരവും ഏറ്റവും അധികം ബാധിക്കുന്നത് ഗള്‍ഫ് നാടുകളിലേക്ക് എത്തുന്ന ഇന്ത്യക്കാരെയായിരിക്കുമെന്ന് എല്ലാവരും ചൂണ്ടിക്കാട്ടിയിരുന്നു.

പുതിയ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് ഇമെയില്‍ സന്ദേശങ്ങളും നിവേദനങ്ങളും കേന്ദ്ര വിദേശകാര്യമന്ത്രിയുടെ ഓഫീസിലേക്ക് ഗള്‍ഫ് നാടുകളില്‍നിന്ന് പ്രവഹിച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാരെ വിദേശമണ്ണില്‍ രണ്ടുതരം പൗരന്മാരായി ചിത്രീകരിക്കുമെന്നതായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയ പ്രധാന ആക്ഷേപം.

പ്രവാസികള്‍ ബന്ധുത്വം തെളിയിക്കാനും ആശ്രിതര്‍ക്ക് വിസ സമ്പാദിക്കാനും പാസ്‌പോര്‍ട്ടിന്റെ അവസാന പേജ് ഉപയോഗിച്ചിരുന്നു. നാട്ടിലാണെങ്കില്‍ മേല്‍വിലാസം തെളിയിക്കാനുള്ള അടിസ്ഥാന രേഖയും പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് തന്നെയായിരുന്നു ആശ്രയം.

അവസാന പേജ് നഷ്ടപ്പെടുന്നതോടെ ഇത്തരം സൗകര്യങ്ങള്‍ നഷ്ടപ്പെടുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രവാസലോകത്ത് ഇരുന്നുകൊണ്ട് ഇത്തരം പരിഷ്‌കാരങ്ങളെ പിന്തുണയ്ക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട സംഘടനകളും അഭിപ്രായപ്പെട്ടിരുന്നു.

എന്തായാലും പ്രവാസലോകത്ത് നിന്ന് ഉയര്‍ന്ന ശക്തമായ എതിര്‍പ്പും പ്രതിഷേധവും ലക്ഷ്യം കണ്ട സന്തോഷത്തിലാണ് ഗള്‍ഫ് മലയാളികള്‍. അതിന്റെ പ്രകടനമാണ് ചൊവ്വാഴ്ച വൈകീട്ട് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആഘോഷവും.