ഐപിഎല്‍ കുപ്പായമണിയാന്‍ എംഎ സുനിലിന്റെ രണ്ട് ‘ശിഷ്യന്മാരും’

single-img
30 January 2018

ഐപിഎല്‍ താരലേലത്തില്‍ നേട്ടമുണ്ടാക്കി 6 മലയാളി താരങ്ങള്‍. ചരിത്രത്തിലാദ്യമായാണ് ഇത്രയും മലയാളി താരങ്ങള്‍ ഒന്നിച്ച് ഐപിഎല്‍ ടീമുകളിലെത്തുന്നത്. സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്), ബേസില്‍ തമ്പി, സച്ചിന്‍ ബേബി (ഇരുവരും സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) എന്നിവരെ കൂടാതെ ആസിഫ് കെ എം (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്), എസ് മിഥുന്‍ (രാജസ്ഥാന്‍ റോയല്‍സ്), നിധീഷ് എം ദിനേശന്‍ (മുംബൈ ഇന്ത്യന്‍സ്) തുടങ്ങിയവരാണ് ഐപിഎല്ലിലെ മലയാളി പുതുമുഖങ്ങള്‍.

സഞ്ജു സാംസണ്‍ തന്നെയാണ് മലയാളി താരങ്ങളില്‍ ഏറ്റവും വിലപിടിച്ച താരം. എട്ടു കോടി രൂപയ്ക്കാണ് താരം രാജസ്ഥാന്‍ റോയല്‍സിലെത്തിയത്. 30 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന ബേസില്‍ തമ്പിയെ 95 ലക്ഷം രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്.

ഇതില്‍ എസ് മിഥുന്‍, എം.ഡി നിതീഷ് എന്നിവര്‍ ഐപിഎല്‍ കുപ്പായമണിയുമ്പോള്‍ ഇരട്ടി സന്തോഷത്തിലാണ് എംഎ സുനില്‍ എന്ന ക്രിക്കറ്റ് കോച്ച്. കഴിഞ്ഞ 9 വര്‍ഷമായി എസ് മിഥുനും എം ഡി നിതീഷും, എം എ സുനിലിന്റെ കീഴിലാണ് ക്രിക്കറ്റ് പരിശീലനം നടത്തുന്നത്.

കായംകുളം TCA ക്ലബ്ബിലാണ് എസ് മിഥുന്‍ കളിച്ചു തുടങ്ങിയത്. ക്രിക്കറ്റ് കരിയറില്‍ നേട്ടങ്ങളും ഉയര്‍ച്ചയും ലക്ഷ്യമിട്ടാണ് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലേക്ക് എത്തുന്നത്. അവിടെ നിന്നുമാണ് എംഎ സുനില്‍ എന്ന കോച്ചിന്റെ കീഴില്‍ പരിശീലനം ആരംഭിച്ചത്.

മികച്ച ലെഗ് സ്പിന്നറും മികച്ച അറ്റാക്കിംഗ് ബാറ്റ്‌സ്മാനുമാണ് മിഥുന്‍ എന്ന് സുനില്‍ എംഎ പറയുന്നു. മുന്‍ സെലക്ഷനുകളില്‍ സ്ഥാനം നേടാന്‍ കഴിയാതിരുന്നപ്പോള്‍ ആത്മവിശ്വാസം നല്‍കി മികച്ച പരിശീലനത്തിലൂടെ മറ്റ് ടൂര്‍ണ്ണമെന്റുകളില്‍ നല്ല പ്രകടനം നടത്തിക്കാന്‍ സാധിച്ചതായി എംഎ സുനില്‍ വ്യക്തമാക്കി.

ഇപ്പോള്‍ കഴിഞ്ഞ അണ്ടര്‍ 23 ദേശീയ മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി ഗോവക്കെതിരെ ഹാട്രിക് അടക്കം നാലു വിക്കറ്റും മിഥുന്‍ സ്വന്തമാക്കിയിരുന്നു. കൂടാതെ സയിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണ്ണമെന്റില്‍ കേരളാ ടീമിനു വേണ്ടി കളിച്ച മിഥുന്‍ മികച്ച ഫോമിലാണ്.

മിഥുന്‍ ഉടന്‍ ഇന്ത്യന്‍ ടീമിന്റെ കുപ്പായം അണിയുമെന്നും സുനില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എം ഡി നിതീഷ് ഫാസ്റ്റ് ബൗളറാണ്. മിനിമം 145 കി.മീ സ്പീഡില്‍ പന്തെറിയും. കഴിഞ്ഞ 4 സീസണിലും രഞ്ജി ട്രോഫി കേരളാ ടീമിനൊപ്പമുണ്ട്. ഈ വര്‍ഷം മികച്ച ഫോമിലാണ് എം ഡി നിതീഷ് കളിക്കുന്നത്. കഴിഞ്ഞ 9 വര്‍ഷമായി എം എ സുനിലിന്റെ കീഴിലാണ് പരിശീലനം.

സെലിബ്രറ്റി ക്രിക്കറ്റ് ക്ലബ്ബായ അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ചാണ് എം എ സുനില്‍. മോഹന്‍ലാല്‍, ബാല, രാജീവ് പിള്ള തുടങ്ങി സിനിമയിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് കഴിഞ്ഞ 6 സീസണിലും കോച്ചിംഗ് നല്‍കാന്‍ എം എ സുനില്‍ ടീമിനൊപ്പമുണ്ട്.

കൂടാതെ കൊച്ചി തേവരയിലുള്ള ദി ക്രിക്കറ്റ് വില്ലേജ് എന്ന ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ പാര്‍ട്ട്ണറും മുഖ്യ പരിശീലകനും എംഎ സുനിലാണ്. കേരളത്തിലെ ഏക പേഴ്‌സണല്‍ ക്രിക്കറ്റ് കോച്ചിംഗ് അക്കാദമിയാണ് ദി ക്രിക്കറ്റ് വില്ലേജ്. നിരവധി കുട്ടികളാണ് ക്രിക്കറ്റ് പരിശീലനത്തിനായി എം എ സുനിലിന്റെ അടുക്കല്‍ എത്തുന്നത്.