സൗദിയിലെ നിതാഖത്ത് മലയാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന മേഖലയില്‍

single-img
30 January 2018

സൗദി സ്വകാര്യ മേഖലയില്‍ 12 തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കി. മലയാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന മേഖലയായ കടകളിലെ ജോലികളാണ് പ്രധാനമായും സ്വദേശികള്‍ക്കായി മാറ്റിവെക്കുന്നത്.

രാജ്യത്തെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് 12 മേഖലകളിലേക്കു കൂടി നിതാഖത്ത് വ്യാപിപ്പിക്കുന്നത്. സെപ്റ്റംബര്‍ പതിനഞ്ച് മുതല്‍ മൂന്നു ഘട്ടമായിട്ടായിരിക്കും സ്വദേശിവല്‍ക്കരണം നടപ്പാക്കുക.

ആദ്യഘട്ടത്തില്‍ വാഹന ഷോറൂമുകള്‍, തുണിക്കടകള്‍, ഫര്‍ണിച്ചര്‍ ഷോപ്പുകള്‍ എന്നിവയായിരിക്കും സ്വദേശിവല്‍ക്കരിക്കുക. നവംബര്‍ ഒമ്പതിന് തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കണ്ണടകളും വാച്ചുകളും വില്‍ക്കുന്ന കടകളിലെ തൊഴിലും സ്വദേശിവല്‍ക്കരിക്കും.

ആരോഗ്യ ഉപകരണങ്ങള്‍, കെട്ടിട നിര്‍മാണ സാധനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നിവ വില്‍ക്കുന്ന കടകളാണ് മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മധുരപലഹാര കടകള്‍, പരവതാനി കടകള്‍ എന്നിവിടങ്ങളിലെ ജോലികളും അടുത്ത ജനുവരി മുതല്‍ സ്വദേശികള്‍ക്ക് മാത്രമായിരിക്കും.

പുതിയതായി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന കടകളിലും നേരത്തെ നിശ്ചയിച്ചിട്ടുള്ള വനിതാസംവരണം ബാധകമാണ്. അവിദഗ്ദരായ ലക്ഷക്കണക്കിന് വിദേശി തൊഴിലാളികളെ നേരിട്ട് ബാധിക്കുന്നതാണ് പുതിയ തീരുമാനം. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്കും തൊഴില്‍ പ്രതിസന്ധി ഉണ്ടാകും. മൊബൈല്‍ ഷോപ്പുകള്‍, ജുവലറികള്‍, ലേഡിസ് ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ നടപ്പിലാക്കിയ സ്വദേശിവല്‍ക്കരണം വിജയകരമായ സാഹചര്യത്തിലാണ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്.