ഒമാനില്‍ ഇനി ഡ്രൈവിങ്ങ് ലൈസന്‍സ് നേടുക എളുപ്പമാകില്ല

single-img
30 January 2018

ഒമാനില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇനി ലൈസന്‍സ് നേടുക എളുപ്പമാകില്ല. ഡ്രൈവിങ്ങ് ലൈസന്‍സ് നിയമത്തില്‍ റോയല്‍ ഒമാന്‍ പൊലീസ് സമ്പൂര്‍ണ പരിഷ്‌കരണം കൊണ്ടുവരുന്നു. വിദേശികള്‍ക്ക് പുതുതായി ലഭിക്കുന്ന ലൈസന്‍സ് രണ്ട് വര്‍ഷം കൂടുമ്പോള്‍ പുതുക്കണം.

നേരത്തെ ഇത് പത്ത് വര്‍ഷം വരെ കാലാവധിയുണ്ടായിരുന്നു. എന്നാല്‍, രണ്ട് വര്‍ഷത്തിനിടയില്‍ നിയമംലംഘിച്ച് നിശ്ചിത എണ്ണത്തില്‍ അധികം ബ്ലാക് പോയിന്റ് വീണാല്‍ ലൈസന്‍സ് ഉടന്‍ പുതുക്കി ലഭിക്കില്ല. നിലവില്‍ ലൈസന്‍സ് ഉള്ള വിദേശികള്‍ക്ക് പത്ത് വര്‍ഷക്കാലാവധി തീരുന്നത് വരെ രണ്ട് വര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ടതില്ല.

എന്നാല്‍, സ്വദേശികള്‍ക്ക് ലഭിക്കുന്നത് 12 മാസം കാലാവധിയുള്ള താത്കാലിക ലൈസന്‍സുകളായിരിക്കും. ഒരു വര്‍ഷത്തിനിടെ 10ല്‍ കൂടുതല്‍ ബ്ലാക്ക് പോയിന്റുകള്‍ ലൈസന്‍സില്‍ വീണാല്‍ ലൈസന്‍സ് വീണ്ടും ഡ്രൈവിംഗ് സ്‌കൂളുകള്‍ വഴി പരിശീലനം നടത്തണം.

പത്തിന് താഴെയും ഏഴിന് ഇടയിലുമാണ് ബ്ലാക്ക് പോയിന്റുകളെങ്കില്‍ ഒരു വര്‍ഷം കൂടി ലൈസന്‍സ് പുതുക്കി നല്‍കും. താത്കാലിക ലൈസന്‍സ് കാലാവധിക്കിടയില്‍ ആറില്‍ താഴെ മാത്രം ബ്ലാക്ക് പോയിന്റുകളാണ് രേഖപ്പെടുത്തിയതെങ്കില്‍ പത്ത് വര്‍ഷത്തെ കാലാവധിയില്‍ ലൈസന്‍സ് അനുവദിക്കുകയും ചെയ്യും.

ഇതോടൊപ്പം പുതിയ ഗതാഗത നിയമങ്ങളും പ്രഖ്യാപിച്ചു. മുഴുവന്‍ യാത്രക്കാരും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം. നാല് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ഒരുക്കിയില്ലെങ്കില്‍ പത്ത് റിയാല്‍ പിഴ ഈടാക്കും.

ബസ് സ്റ്റോപ്പുകളിലും സ്റ്റാന്റുകളിലും കാര്‍ പാര്‍ക്ക് ചെയ്താലുള്ള പിഴ പത്ത് റിയാലില്‍ നിന്ന് 50 റിയാലാക്കി ഉയര്‍ത്തി. ട്രക്കുകള്‍ തെറ്റായി ഓവര്‍ടേക്ക് ചെയ്താല്‍ 50 റിയാലും പിഴ ശിക്ഷ ലഭിക്കും. മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.